ചെന്നൈയിലെ തീവ്ര രോഗബാധിത മേഖലകളില്‍ ജാഗ്രത കര്‍ശനമാക്കാന്‍ പ്രത്യേക പദ്ധതി

single-img
21 May 2020

ചെന്നൈ; കൊവിഡ് 19 നെ പ്രതിരോധിക്കാൻ കൂടുതൽ നടപടികളുമായി തമിഴ് നാട്. ഇതിന്‌‍റെ ഭാഗമായി
ചെന്നൈ നഗരത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ മൈക്രോ പ്ലാന്‍ ആരംഭിച്ചു. 33 കണ്ടെയ്‌ന്‍മെന്റ് ഏരിയകള്‍ക്കുവേണ്ടിയാണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി സി.വിജയബാസ്‌കര്‍ പറഞ്ഞു.

 പരിശോധനയ്ക്കായി പുതുതായി നിയമിച്ച അഞ്ഞൂറിലധികം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വീടുതോറും പരിശോധന നടത്തും. 156 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ കൂടുതല്‍ കേസുകളുള്ള റോയപുരത്ത് സ്‌ക്രീനിംഗ് നടത്തും.

ആർക്കെങ്കിലും ശ്വാസകോശ സംബന്ധമായ അണുബാധയുടെ ലക്ഷണമുണ്ടെങ്കില്‍ ഒരു മൊബൈല്‍ യൂണിറ്റ് നെഞ്ച് എക്‌സ്‌റേ ചെയ്യും. ഇതിനായി 14 മൊബൈല്‍ എക്‌സ്‌റേ മെഷീനുകള്‍ വിന്യസിച്ചിട്ടുണ്ട്. ആളുകള്‍ക്ക് പനി പരിശോധന നടത്തും.

കോയമ്ബേട് ക്ലസ്റ്ററില്‍ നിന്നുള്ള ഒരു സ്പില്‍ ഓവറിനു പുറമേ, റോയപുരം, തിരുവികാ നഗര്‍, പുലിയാന്‍തോപ്പ് പ്രദേശങ്ങളിലെ മോശം ജീവിത സാഹചര്യങ്ങളും കേസുകളുടെ വര്‍ദ്ധനവിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ നടപടികള്‍ക്ക് പുറമേ പ്രദേശത്ത് അണുനാശിനി തളിക്കാനും നടപടി സ്വീകരിക്കും..

രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്ലാസ്മ തെറാപ്പിക്ക് ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു. പ്രദേശത്ത് പ്രായമായവരുള്‍പ്പെടെ ഉള്ളവര്‍ക്കായി പ്രോട്ടോക്കോളുകള്‍ തയ്യാറാക്കുന്നുണ്ട്. 11 ഉപസമിതികളുടെ മാര്‍ഗനിര്‍ദേശപ്രകാരം പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയം അല്ലെങ്കില്‍ വൃക്ക തകരാറുകള്‍ എന്നിവയുള്ളവര്‍ക്കായാണ് പ്രോട്ടോക്കോളുകള്‍ തയ്യാറാക്കുക.