വിഷ ഉറുമ്പിൻ്റെ കടിയേറ്റ് സൗദിയിൽ മലയാളി മരിച്ചു

single-img
21 May 2020

വിഷ ഉറുമ്പിന്റെ കടിയേറ്റു സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി മരിച്ചു. കരുനാഗപ്പള്ളി പുതിയകാവ്‌ ഷൈഖ്‌ മസ്‌ജിദിന്‌ സമീപം മുഹമ്മദ്‌ കുഞ്ഞ്‌-ഫാത്തിമാ ബീവി ദമ്പതികളുടെ മകന്‍ എം. നിസാമുദീനാ(46)ണു റിയാദ്‌ ബംഗ്ലഫില്‍ മരിച്ചത്‌.

റമദാന്‍ 27-ാം രാവി ല്‍ നിസ്‌കരിച്ചു നില്‍ക്കവെ വലിയ കറുത്ത ഉറുമ്പിന്റെ കടിയേറ്റു കുഴഞ്ഞുവീഴുകയായിരുന്നു. 20 വര്‍ഷത്തിലധികമായി കുടുംബസമേതം റിയാദിലെ ബംഗ്ലഫില്‍ താമസിക്കുന്ന നിസാമുദീന്‍ അവിടെ മിഠായിക്കട നടത്തിവരികയായിരുന്നു.

ഉടന്‍ റിയാദ്‌ ഖുറൈസ്‌ റോഡിലെ സുലൈമാന്‍ അല്‍ഹബീബ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.  റസീന ഭാര്യയും മുഹമ്മദ്‌ അമീന്‍ ആദില്‍ അദ്‌നാന്‍ എന്നിവർ മക്കളുമാണ്. കബറടക്കം പിന്നീടു റിയാദില്‍ നടത്തും.

സൗദിയില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റു നേരത്തെയും മലയാളികള്‍ മരിച്ചിട്ടുണ്ട്‌. കണ്ണൂര്‍ സ്വദേശിനി സംറീന്‍ സഹേഷ്‌ (36), അടൂര്‍ കരുവാറ്റ മാമൂട്ടില്‍ ജെഫി മാത്യൂവിന്റെ ഭാര്യ സൂസി ജെഫി(33) എന്നിവരാണു മുന്‍ വര്‍ഷങ്ങളില്‍ മരണപ്പെട്ടത്.