രണ്ടാമതും പാമ്പകടിയേറ്റു ഉത്ര മരിച്ച സംഭവത്തിൽ ദുരൂഹത ഉയരുന്നു; നിർണ്ണായക വെളിപ്പെടുത്തലുമായി യുവതിയുടെ വീട്ടുകാർ

single-img
21 May 2020

കൊല്ലം അഞ്ചലില്‍ 25കാരിയായ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്ത്. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത് ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു. അന്ന് അണലിയായിരുന്നു കടിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടില്‍ വി്രശമത്തിനായി എത്തിയതായിരുന്നു യുവതി. മരണത്തിനു പിന്നാലെയാണ് ഉത്രയുടെ വീട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. 

മരിച്ച ഉത്രയുടെ ഭര്‍ത്താവിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. സ്വന്തം വീട്ടിൽവച്ച് മൂര്‍ഖന്‍ പാമ്പ് കടിച്ചാണ് ഉത്ര മരിച്ചത്. ആശുപ്രതിയില്‍ കൊണ്ടുപോയെങ്കിലും ഉത്ര മരിച്ചിരുന്നു. അതിനു പിന്നാലെയാണ് വീട്ടുകാര്‍ ഇപ്പോള്‍ ഉത്രയുടെ ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

അടച്ചിട്ട മുറിയിലായിരുന്നു ഉത്ര ഉറങ്ങിയത്. പാമ്പ് ജനല്‍ വഴി കയറിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഭര്‍ത്താവ് മുറിയില്‍ പാമ്പിനെ കണ്ടു എന്നും കൊന്നു എന്നുമായിരുന്ന ആദ്യം പറഞ്ഞത്. ഉത്രയെ പാമ്പുകടിക്കുമ്പോള്‍ ഭര്‍ത്താവ് സൂരജും ഉണ്ടായിരുന്നു മുറിയില്‍. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുമുണ്ട്.

യുവതിയുടെ സ്വര്‍ണാഭരണങ്ങളില്‍ പലതും കാണാനില്ലെന്നും പരാതിയില്‍ പറയുന്നു.