ക്യാൻസറിന് കാരണമാകുന്നുവെന്നു തെളിഞ്ഞതിനാൽ നഷ്ടപരിഹാരം നൽകേണ്ടിവന്നത് കോടിക്കണക്കിന് ഡോളർ: ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിപണിയിൽ നിന്നും പിൻമാറുന്നു

single-img
21 May 2020

ടാൽക് അടങ്ങിയ ബേബി പൗഡറിന്റെ വില്പന യു.എസിലും കാനഡയിലും നിറുത്താനൊരുങ്ങി പ്രമുഖ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ. കമ്പനിയുടെ പൗഡർ അടക്കമുള്ള ഉത്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ടാൽക് ഉൾപ്പെടെയുള്ള വസ്തുക്കൾ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി കേസുകളാണ് ഉയർന്നു വന്നത്. ഈ കേസുകളുടെ ഭാഗമായി ജോൺസൺ ആൻഡ് ജോൺസണ് കോടിക്കണക്കിന് ഡോളറുകളാണ് നഷ്ടപരിഹാരം നൽകേണ്ടി വന്നതും. 

ഒട്ടുമിക്ക രാജ്യങ്ങളിലും ടാൽക് ഉൽപ്പന്നങ്ങളുടെ സുരക്ഷ ചൂണ്ടിക്കാട്ടി ജോൺസൺ ആൻഡ് ജോൺസണിന് നേരെ ആരോപണങ്ങൾ ഉയരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് പൗഡർ വിപണിയിൽ നിന്നും പതുക്കെ പിൻമാറുന്നതും. തങ്ങളുടെ ബേബി പൗഡറിന്റെ സുരക്ഷയെ പറ്റി വടക്കേ അമേരിക്കയിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന്റെ ഫലമായ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെന്നും അതുകൊണ്ട് ഉത്പാദനം നിറുത്തുകയാണെന്നും കമ്പനി പറഞ്ഞു. 

16,000ത്തിലധികം കേസുകളാണ് നിലവിൽ കമ്പനിയ്ക്കെതിരെയുള്ളത്. ക്യാൻസറിന് കാരണമായ ആസ്ബസ്റ്റോസ് ഉൾപ്പെടെയുള്ളവ കമ്പനിയുടെ ടാൽക് ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പരാതികൾ.

എന്നാൽ പൗഡറിന്റെ സുരക്ഷയിൽ തങ്ങൾക്ക് യാതൊരു ആത്മവിശ്വാസക്കുറവ് ഇല്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകർ തങ്ങളുടെ ഉത്പന്നങ്ങൾക്ക് മേൽ നടത്തിവരുന്ന ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിലാണിതെന്നും കമ്പനി പറയുന്നു.

2018ൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ടാൽക് ഉത്പന്നങ്ങൾ തങ്ങളിൽ ഓവറിയൻ ക്യാൻസറിന് കാരണമായതായി ചൂണ്ടിക്കാട്ടി 22 സ്ത്രീകൾ സമർപ്പിച്ച കേസിൽ കമ്പനി 4.7 ബില്യൺ ഡോളർ നഷ്ട പരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു.