ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തമാക്കി ഭൂപടം പുറത്തിറക്കി നേപ്പാൾ: പ്രദേശങ്ങൾ തിരിച്ചുവേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു

single-img
21 May 2020

ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഔദ്യോഗികമായി ഭൂപടം പുറത്തിറക്കി നേപ്പകാൾ. പിന്നാലെ നടപടിയെ വിമർശിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി.  നേപ്പാളിന്റെ പ്രവർത്തി ഏകപക്ഷീയണെന്നും ഇന്ത്യ ഇത് അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ചർച്ചകളിലൂടെ അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാൾ ഭൂപടം പുറത്തിറക്കിയിട്ടുള്ളതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ചരിത്രപരമായ വസ്തുതകളേയും തെളിവുകളേയും അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടം. പ്രാദേശിക അവകാശവാദങ്ങളുടെ കൃത്രിമ തെളിവുകൾ ഇന്ത്യ അംഗീകരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. 

`ഈ വിഷയത്തിൽ ഇന്ത്യയുടെ സ്ഥിരമായ നിലപാടിനെകുറിച്ച് നേപ്പാളിന് നന്നായി അറിയാം. ഇത്തരം നീതീകരിക്കപ്പെടാത്ത കാർട്ടോഗ്രാഫിക് വാദത്തിൽ നിന്ന് വിട്ടുനിൽക്കാനും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും നേപ്പാളിനോട് ആവശ്യപ്പെടുന്നു. അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര സംഭാഷണങ്ങൾക്ക് നേപ്പാൾ നേതൃത്വം മികച്ച അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കരുതുന്നു´- കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ മാപ്പ് പുറത്തിറക്കിയത്. മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുമെന്നും നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.