ഉംപുൺ ചുഴലിക്കാറ്റ് ബം​ഗാൾ തീരത്ത് പ്രവേശിച്ചു; വേഗത; 185 കീമീ

single-img
20 May 2020

കഴിഞ്ഞ ദിവസങ്ങളില്‍ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൺ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിലൂടെതീരത്ത് പ്രവേശിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചുഴലിക്കാറ്റ് കരതൊട്ടെന്നും അട‌ുത്ത നാല് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂ‍ർണമായും കരയിലേക്ക് കേറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. മുന്‍ ദിവസങ്ങളില്‍ 265 കീമീ വേ​ഗത്തിൽ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറിൽ ദു‍‍ർബലമായി തുടങ്ങിയിട്ടുണ്ട്.

പക്ഷെ കര തൊടുമ്പോഴും കാറ്റിന് 185 കീമീ വരെ വേ​ഗതയുണ്ടാവും എന്നാണ് പ്രവചനം ഈ സാഹചര്യം മുന്‍ നിര്‍ത്തി പശ്ചിമബം​ഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ കടുത്ത ജാ​ഗ്രതയാണ് നിലനിൽക്കുന്നത്. ഇതോടൊപ്പംദേശീയദുരന്തനിവാരണ സേനയുടെ വൻസംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്. മുന്‍ കരുതല്‍ ഭാ​ഗമായി കൊൽക്കത്ത നഗരം അതീവ ജാ​ഗ്രതയിലാണ്.

നഗരത്തിലെ മേൽപ്പാലങ്ങൾ ഇതിനോടകം അടച്ചു കഴിഞ്ഞു. ജനങ്ങള്‍പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് കാരണം കനത്ത മഴയും കാറ്റും ഉണ്ടായ ഒഡീഷയിൽ വൻനാശമാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്.
ഇതിനോടകം നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. വീടു തകർന്ന് ഒരു സ്ത്രീ മരിച്ചു.അടുത്ത ദിവസം രാവിലെ 5 വരെ കൊൽക്കത്ത് വിമാനത്താവളത്തിൽ നിന്നുള്ള അവശ്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.

ഇതേവരെ ബംഗാളിൽ മൂന്നു ലക്ഷം പേരെയും ഒഡീഷയിൽ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങൾ ഇരു സംസ്ഥാനങ്ങളിലുമായുണ്ട്. രക്ഷാ പ്രവർത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.