ഉംപുൻ പ്രഭാവം; കേരളത്തിലും ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

single-img
19 May 2020

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിലും വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ 64.5 മില്ലി മീറ്റര്‍ മുതൽ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇതോടൊപ്പം സംസ്ഥാനത്തെ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ പാടുള്ളതല്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വളരെ ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.