കെഎസ്ആർടിസി നാളെമുതൽ നിരത്തിലിറങ്ങും: പ്രത്യേക ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇന്നിറങ്ങും

single-img
19 May 2020

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള ചാര്‍ജുമായി കെഎസ്ആര്‍ടിസി നാളെ മുതല്‍ നിരത്തിലിറങ്ങും. സാമൂഹിക അകലം തുടരുന്നതു വരെയുള്ള പ്രത്യേക ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇന്നിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മിനിമം ചാര്‍ജ് 12 രൂപയായാണ് വര്‍ധിപ്പിച്ചത്.

ജില്ലകള്‍ക്കുള്ളില്‍ മാത്രമാകും സര്‍വീസ് നടത്തുകയെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. അതേസമയം തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലയിലും കെഎസ് ആര്‍ടിസി സര്‍വീസിനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. 

ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയ്യാറാക്കിക്കഴി‍ഞ്ഞു. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകളുണ്ടാകും. അല്ലാത്തസമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് നീക്കം. 

23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. മാസ്കും നിര്‍ബന്ധമാണ്. ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം അന്‍പത് ശതമാനം നിരക്ക് വര്‍ധനകൊണ്ട് മാത്രം ബസ് ഒാടിക്കാന്‍ ആകില്ലെന്നാണ് സ്വകാര്യബസുടമകളുടെ നിലപാട്. 

പകുതി ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര അനുവദിക്കാനാകില്ലെന്നും പെര്‍മിറ്റും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം. ഡീസലിന്റെ സംസ്ഥാന നികുതി ഒഴിവാക്കണമെന്നും  ബസുടമകള്‍ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.