ഗോവ പരാമര്‍ശത്തില്‍ തെറ്റ് പറ്റി; പ്രതികരണവുമായി ആരോഗ്യമന്ത്രി

single-img
19 May 2020

സംസ്ഥാനത്തെ കൊവിഡിന് പ്രതിരോധ പ്രവര്‍ത്തനങ്ങളേക്കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയില്‍ നടന്ന ചര്‍ച്ചയില്‍ ഗോവയെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം തെറ്റായി സംഭവിച്ചതാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പരാമര്‍ശം തിരുത്തുന്നുവെന്നും മന്ത്രി അറിയിച്ചു. രോഗബാധയാല്‍ കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്.

എന്നാല്‍ താന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായി പറഞ്ഞ പരാമര്‍ശം ഞാന്‍ തിരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ചര്‍ച്ചയില്‍ കേരളത്തിലെ കൊവിഡ് മരണ കണക്കില്‍ മന്ത്രി ഗോവയെ പരാമര്‍ശിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നേരത്തെ രംഗത്ത് വന്നിരുന്നു.

ചര്‍ച്ചയില്‍ കേരളത്തിലെ കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രിയുടെ ഗോവ പരാമര്‍ശം.സംസ്ഥാനത്താകെ ഇതുവരെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതില്‍ ഒരാള്‍ ഗോവയില്‍ നിന്നും ചികിത്സ തേടി എത്തിയതാണ്. ഗോവയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് ഇയാള്‍ കേരളത്തിലെത്തിയത് എന്ന് മന്ത്രി മറുപടി നല്‍കി.

പക്ഷെ കേരള ആരോഗ്യമന്ത്രിയുടെ ഈ പരാമര്‍ശം അമ്പരപ്പുണ്ടാക്കിയെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ട്വിറ്ററില്‍ എഴുതി. അത് തെറ്റായ പ്രസ്താവനയാണ്, കേരളത്തിലെ മന്ത്രി പറഞ്ഞ കൊവിഡ് രോഗി ഗോവയില്‍ നിന്നല്ല. ഗോവയില്‍ നിന്നും ഇതുവരെ കൊവിഡ് ചികിത്സയ്ക്ക് സൗകര്യമില്ലാത്തതിന്റെ പേരില്‍ ഒരാളും കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്റെ പിന്നാലെയാണ് മന്ത്രി താന്‍ പറഞ്ഞതിലെ തെറ്റ് തിരുത്തിയത്.