ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

single-img
19 May 2020

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹെെക്കമാടതി. കള്ളപ്പണക്കേസില്‍ പരാതി നല്‍കിയ ആളെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. വിജിലന്‍സ് ഐജി സംഭവം അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 

പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്ക്ഡൗണിനിടെ ഭീഷണിപ്പെടുത്തിയെന്നും, പരാതി പിന്‍വലിച്ചാല്‍ അഞ്ചുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നുമാണ് ഹര്‍ജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ അറിയിച്ചത്. 

ച്രന്ദിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് 10 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതിയിന്മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അതിനിടെയാണ് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവര്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയതെന്ന് ഗിരീഷ് ബാബു കോടതിയോട് വെളിപ്പെടുത്തി. 

തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ പരാതി നല്‍കിയതെന്ന് രേഖമൂലം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചു എന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചത്. പരാതിക്കാരന്റെ വെളിപ്പെടുത്തല്‍ അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സുനില്‍ തോമസ് വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിന് നിര്‍ദേശം പുറപ്പെടുവിച്ചു.