കോവിഡ് പ്രതിരോധം; ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്ക് അഭിനന്ദന കത്തയച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി

single-img
19 May 2020

സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി കെകെ ഷൈലജയെ അഭിനന്ദിച്ച് കത്തയച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. കൈവശമുള്ള പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് കോവിഡിനെ നിയന്ത്രിക്കാനാവുക എന്ന് കാട്ടാൻ കേരളത്തിന്റെ ആരോഗ്യമന്ത്രിയായ നിങ്ങള്‍ മാതൃകയായി എന്ന് വിക്രമസിംഗെ കത്തില്‍ പറയുന്നു.

ഈ മാസം 18നാണ് വിക്രമസിംഗെ ആരോഗ്യമന്ത്രിക്ക് കത്തയച്ചത്. ലോകമാകെ ഭീതി വിതയ്ക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും വളണ്ടിയര്‍മാരും അടങ്ങുന്നവരില്‍ കോവിഡ് പരിശോധനകള്‍ തുടര്‍ച്ചയായി നടത്തിയത് ലോകത്തിന് തന്നെ മാതൃകയാക്കാമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

അതേപോലെ തന്നെ കോവിഡിനെതിരായ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും കത്തിലുണ്ട്. മൂന്നര കോടി ജനങ്ങളുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവിടെ നിങ്ങളുടെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം ശ്രീലങ്കയില്‍ 992 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിൽ ഒമ്പത് പേര്‍ മരിച്ചു.