കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണം; രോഗം വ്യാപിക്കവേ ഉത്തരവിട്ട് പാകിസ്താന്‍ സുപ്രീംകോടതി

single-img
19 May 2020

പാക് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉത്തരവിട്ട് പാക് സുപ്രീംകോടതി. ഇപ്പോഴും രാജ്യമാകെ കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. രാജ്യത്ത് ഇപ്പോള്‍ കൊറോണ ഒരു പകര്‍ച്ചവ്യാധിയല്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് അതിനെതിരെയുള്ള പോരാട്ടത്തിന് ഇത്രയധികം പണം ചെലവാക്കുന്നതെന്നും സര്‍ക്കാരിനോട് ചോദിച്ചു.

ഇതിനെല്ലാം പുറമേ ആരോഗ്യ അധികൃതര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഷോപ്പിങ് മാളുകള്‍ തുറക്കണമെന്നും ആഴ്ചയില്‍ എല്ലാ ദിവസവും കച്ചവടത്തിന് അനുമതി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ന് സ്വമേധയാലുള്ള ഹര്‍ജി പരിഗണിച്ച കോടതി തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് ലോക്ക്ഡൗണും മറ്റും നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്.

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ പാകിസ്താന്‍ സര്‍ക്കാര്‍ സ്വഗതം ചെയ്തു. ഇതേവരെ പാകിസ്താനില്‍ 42,125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 903 മരണവും റിപ്പോര്‍ട്ട് ചെയ്തു. കോടതി ഉത്തരവ് വന്നതിനുപിന്നാലെ നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച വ്യാപനമില്ലെന്നും ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അറിയിച്ചു.