കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് സമരം നടത്തി; എംപി കൊടിക്കുന്നിൽ സുരേഷിനെതിരെ കേസെടുത്തു

single-img
19 May 2020

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കൊവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് സമരം നടത്തിയ കാരണത്താൽ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെതിരെ പോലീസ് കേസെടുത്തു. ബോട്ടിൽ യാത്ര ചെയ്ത് നടത്തിയ സമരം സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാമങ്കരി പോലീസ് കേസെടുത്തത്. കുട്ടനാട്ടിലെ പ്രളയ രക്ഷാ നടപടികൾ സമയബന്ധിതമായി സർക്കാർ ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു എംപിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്.

മാർഗ നിർദ്ദേശ പ്രകാരമുള്ള സാമൂഹ്യ അകലം പാലിക്കാതെ പരമാവധി പ്രവർത്തകരെ കൂട്ടി സമരം നടത്തിതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.സമാനമായി തൊടുപുഴയിൽ ക്വാറന്‍റീൻ ലംഘിച്ചതിന് ആറ് പേർക്ക് എതിരെ കേസെടുത്തു.

മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർക്ക് എതിരെയും വിദേശത്ത് നിന്ന് വന്ന രണ്ട് പേർക്ക് എതിരെയുമാണ് കേസെടുത്തത്. വിദേശത്ത് നിന്ന് ഇവിടേക്ക് വന്നവർ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാതെ നേരെ വീട്ടിലേക്ക് പോയി. അതേപോലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ ബാർബറുടെ വീട്ടിൽ പോയി മുടി വെട്ടി. നിലവിൽ ഇയാളെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.