ലോക്ക്ഡൌണിൽ കുരുങ്ങി പ്രമുഖ ദൈവങ്ങൾ: ആരാധനാലയങ്ങളിലെ വരുമാനം മുടക്കി കൊറോണ

single-img
18 May 2020

രാജ്യവ്യാപക ലോക്ഡൌൺ വന്നതോടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളും പള്ളികളും കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാ‍ണ് കടന്നുപോകുന്നത്. ഇതുവരെയുള്ള ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിലാണ് ഈ ആരാധനാലയങ്ങളിലെ നിത്യവൃത്തി പോലും നടന്നുപോകുന്നത്.

ഗുരുവായൂർ

മാസം 5 കോടി രൂപ വരുമാനം ഉണ്ടായിരുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ലോക്ക് ഡൌണിന് ശേഷം പ്രതിമാസ വരുമാനം 1.5 ലക്ഷം മാത്രമാണ്. ജീവനക്കാരുടെ ശമ്പളത്തിനും ക്ഷേത്രത്തിന്റെ നിത്യേനയുള്ള നടത്തിപ്പിനും മാത്രം 10 കോടിരൂപയാണ് ഗുരുവായൂർ ദേവസ്വത്തിന് വേണ്ടത്. ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ള 1529 കോടി രൂപയുടെ പലിശ ഉപയോഗിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നടന്ന് പോകുന്നത്.

ശബരിമല

കൊറോണ മൂലം ശബരിമല ക്ഷേത്രത്തിന്റെ റവന്യൂ നഷ്ടം 100 കോടി രൂപയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അവരുടെ കീഴിലുള്ള 1200ഓളം ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത് ശബരിമല വരുമാനത്തെ ആശ്രയിച്ചായിരുന്നു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം

കോടാനുകോടി രൂപയുടെ സ്വർണ്ണനിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാസവരുമാനം മൂന്നുകോടി രൂപയായിരുന്നത് ഇപ്പോൾ കേവലം ഏഴരലക്ഷം രൂപയാണ് നടവരുമാനം. ക്ഷേത്രത്തിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും 307 ജീവനക്കാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാൻ കരുതൽധനത്തിൽ കൈവയ്ക്കേണ്ട അവസ്ഥയിലാണിപ്പോൾ.

കേരളത്തിൽ മാത്രമല്ല രാജ്യമൊട്ടാകെയുള്ള പ്രമുഖ ആരാധനാലയങ്ങളിൽ ഈ അവസ്ഥ തന്നെയാണുള്ളത്.

തിരുപ്പതി

മാസം 200 കോടി രൂപ വരുമാനം ഉണ്ടായിരുന്ന തിരുപ്പതി ക്ഷേത്രത്തിൽ കാലണ വരുമാനമില്ലാത്ത അവസ്ഥയിലാണിപ്പോൾ. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വരുമാനം ഉത്തരേന്ത്യക്കാരായ ബിസിനസ്സ് ഭക്തന്മാരുടേതാണ്.

യാത്രാ സൌകര്യം ഇല്ലാതെ അവർക്ക് എത്താൻ കഴിയാത്തതും ഇന്റർനെറ്റ് സൌകര്യങ്ങളിലെ അപര്യാപതതയുമായാണ് തിരുപ്പതി ക്ഷേത്രത്തിന്റെ വരുമാനത്തിൽ ആഘാതമേൽപ്പിച്ചിരിക്കുന്നത്.

150 കോടി പ്രതിമാസ ചിലവുള്ള തിരുപ്പതി ക്ഷേത്രത്തിന് 14000 കോടിയുടെ സ്ഥിര നിക്ഷേപമുണ്ട്. അതിന്റെ പലിശയിലാണ് ഇപ്പോൾ നിത്യവൃത്തി നടക്കുന്നത്.

ഷിർദ്ദി സായി ക്ഷേത്രം

മദ്ധ്യേന്ത്യയിലെ ഷിർദ്ദിസായി ക്ഷേത്രവും അതിന്റെ നടത്തിപ്പുകാരായ സായിസന്ഥാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആറായിരത്തോളം ജീവനക്കാരുടെ മാർച്ച് ഏപ്രിൽ മാസങ്ങളിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലൂടെയും സ്ഥിതി മോശമായി തുടരുന്നു. മാനേജ്മെന്റ് ഫണ്ടിൽ നിന്നാണ് അവരുടെ 250-നടുത്ത് വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.

വൈഷ്ണോദേവീ ക്ഷേത്രം

ജമ്മുവിലെ പ്രസിദ്ധമായ വൈഷ്ണോദേവീ ക്ഷേത്രത്തിന്റെ പ്രതിദിന വരുമാനം ഒരു കോടി രൂപയായിരുന്നത് ഒന്നുമില്ലാത്ത അവസ്ഥയിലാണ്. മൂവായിരത്തോളം ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

കാമാഖ്യ ക്ഷേത്രം

പ്രതിദിനം 1.50 – 2ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന അസ്മിലെ കാമാഖ്യ ക്ഷേത്രത്തിലും വരുമാനം പൂർണ്ണമായും നിലച്ചിരിക്കുകയാ‍ണ്. പതിനായിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന ഈ ക്ഷേത്രത്തിലെ വാർഷിക ഉത്സവമായ അംബുബച്ചി മേള ഇത്തവണ നടത്തുന്നില്ലെന്ന് ക്ഷേത്രം അധികാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ദേവിയുടെ ആർത്തവം കൊണ്ടാടുന്ന അംബുബച്ചി മേള എല്ലാ വർഷവും ജൂൺ 21 മുതൽ 25 വരെയാണ് നടത്താറുള്ളത്. കഴിഞ്ഞ ആറു നൂറ്റാണ്ടായി മുടങ്ങാതെ കൊണ്ടാടുന്ന അംബുബച്ചി മേളയാണ് ഇത്തവണ കൊറോണ കാരണം മുടങ്ങിയിരിക്കുന്നത്.

അംബുബച്ചി മേളയിൽ നിന്നൊരു ദൃശ്യം

ദർഗകൾ

ഹൈന്ദവ ക്ഷേത്രങ്ങളിൽ മാത്രമല്ല ഈ പ്രതിസന്ധി നേരിടുന്നത്. പ്രതിമാസം 30 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന മുംബൈയിലെ ഹാജിഅലി ദർഗ്ഗയും രാജസ്ഥാനിലെ പ്രസിദ്ധമായ അജ്മീർ ദർഗ്ഗയുമെല്ലാം ഇതേ അവസ്ഥയിലാണ്. അജ്മീർ ദർഗയുടെ നടത്തിപ്പിനും ജീവനക്കാരുടെ ശമ്പളത്തിനുമായി പ്രതിമാസം 60 ലക്ഷം രൂപയാണ് ആവശ്യം. രാജസ്ഥാൻ സർക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുകയാണ് അജ്മീർ ദർഗ ഭാരവാഹികൾ. സിക്കുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സുവർണ്ണക്ഷേത്രത്തിന്റെ പ്രതിമാസ വരുമാനം ഏഴുകോടിരൂപയായിരുന്നത് നാലുലക്ഷത്തിലേക്ക് കൂപ്പുകുത്തി. സംസ്ഥാന സർക്കാർ സുവർണ്ണ ക്ഷേത്രത്തിനുമാത്രമായി ചില ഇളവുകൾ നൽകിയതിനും ശേഷം വരുമാനത്തിൽ നാമമാത്രമായ വർദ്ധനയുണ്ടായിട്ടുണ്ട്.

അമ്പലങ്ങളിലും പള്ളികളിലും കാണിക്കയായി വരാതിരുന്ന പണം സാധാരാണക്കാരും സ്യവസായികളും മറ്റുരീതിയിൽ ചിലവഴിച്ചിരിക്കുമെന്നാണ് ധനകാര്യ വിദഗ്ദ്ധർ പറയുന്നത്. അത്തരമൊരു ശീലം ഉണ്ടായി വന്നാൽ പല ആരാധനാലയങ്ങളുടെയും ദേവസ്വം ബോർഡുകളുടേയും നിൽനില്പ് അവതാളത്തിലാകും. ചെറിയ ശാന്തിപ്പണി ചെയ്തു ജീവിക്കുന്നവരുരെയും അമ്പലങ്ങളിലും പള്ളികളിലും നാമമാത്ര വരുമാനത്തിൽ ജോലി ചെയ്യുന്നവരുരേയും കാത്തിരിക്കുന്നത് അത്ര നല്ല ദിവസങ്ങളായിക്കില്ലെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.