പ്രതിശ്രുത വധുവിനെ അതിര്‍ത്തിയില്‍ തടഞ്ഞത് പാസ്സില്ലാത്തതിനാല്‍: കാസര്‍കോട് കളക്ടര്‍

single-img
18 May 2020

കര്‍ണ്ണാടകയിലെ ഒരു സ്ത്രീ സ്വന്തം വിവാഹത്തിന് മുള്ളേരിയയില്‍ വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ എമര്‍ജന്‍സി പാസിന് അപേക്ഷിച്ചിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി പാസിന് അപേക്ഷിക്കുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ ആവശ്യമായ രേഖകള്‍ അപേക്ഷയോടൊപ്പം ഇല്ലാത്തതുകൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ നിരസിച്ചു.

ഈ വിവരം അറിയാതെ മഞ്ചേശ്വരം തലപ്പാടി ചെക്ക് പോസ്റ്റില്‍ ഇന്ന് രാവിലെ എത്തിയ പ്രതിശ്രുത വധുവിനെ നിശ്ചിത പാസില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഈ സംഭവം സംസ്ഥാന സര്‍ക്കാറിനെതിരെ വഴി തിരിച്ച് വിടാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിച്ച സാഹചര്യത്തിലാണ് ജില്ലാകളക്ടറുടെ വിശദീകരണ കുറിപ്പ്.

അപേക്ഷ നല്‍കിയതിലെ തെറ്റ് മനസ്സിലാക്കിയ പ്രതിശ്രുതവധു തുടര്‍ന്ന് രാവിലെ 11 ന് ശേഷം ചെക്ക്‌പോസ്റ്റിലെ ഹെല്‍പ് ഡെസ്‌കില്‍ നിന്നു കൊണ്ട് പാസിന് വീണ്ടും അപേക്ഷിച്ചു. ഇതിനായി പൂര്‍ണ്ണമായ സഹകരണം നല്കിയത് ചെക്ക്പോസ്റ്റ് കൗണ്ടറിലെ ഉദ്യോഗസ്ഥരാണ്. ഇതിനായി മറ്റാരുടെയും ഇടപെടല്‍ ആവശ്യമുണ്ടായിരുന്നില്ല. അപേക്ഷയില്‍ ചുമതലപ്പെട്ട സബ്കളക്ടര്‍/ എഡിഎം നടപടി സ്വീകരിക്കുകയും ചെയ്തു. വാസ്തവം ഇതായിരിക്കെ ഇത്തരം തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.