മഹാരാഷ്ട്ര- തമിഴ്നാട് സര്‍ക്കാരുകള്‍ ലോക്ക് ഡൌണ്‍ മെയ് 31 വരെനീട്ടി ഉത്തരവിറക്കി

single-img
17 May 2020

രാജ്യവ്യാപക ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ലോക്ക് ഡൗൺ മെയ് 31 നീട്ടി സ‍ർക്കാരുകൾ ഉത്തരവിറക്കി. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളാണ് ഇവ. പുതിയ ഉത്തരവുപ്രകാരം മഹാരാഷ്ട്രയിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടിയതായും സംസ്ഥാനത്താകെ നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്നും സർക്കാർ അറിയിച്ചു.

എന്നാൽ സംസ്ഥാനത്തെ ഗ്രീൻ സോണുകളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി അജോയ് മെഹ്ത സൂചന നൽകുന്നു. മുംബൈ ഉൾപ്പെടെയുള്ള രോഗ തീവ്ര ബാധിത മേഖലകളിൽ നേരത്തെ തന്നെ ലോക് ഡൗൺ നീട്ടിയിരുന്നു.ഇതുവരെ മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 30000 കടന്നിരുന്നു.

ഇതിന് സമാനമായി തമിഴ്നാട്ടിലും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഓരോ ദിവസവും രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. തമിഴ് നാട്ടിലേക്ക് ഹോട്ട്സ്പോട്ട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് 7 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആണ് സർക്കാർ നിർദ്ദേശം.