ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി സമ്മതിച്ച് ചൈന;

single-img
17 May 2020

ബെയ്ജിങ്: കൊറോണ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചില കൊറോണ വൈറസ് സാംപിളുകള്‍ നശിപ്പിച്ചതായി ചൈന. കൊറോണ ലോകത്ത് പടര്‍ന്നതുമുതല്‍ വൈറസ്സിനെ  സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈന മറച്ചുവച്ചുവെന്ന്  അമേരിക്ക  ചൈനക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു . പലരും ഈ ആരോപണം തള്ളിയപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് തന്റെ ആരോപണത്തില്‍ ഉറച്ചുനിന്നു. ഇപ്പോള്‍ അമേരിക്കയുടെ ആരോപണങ്ങള്‍ക്ക് ആക്കംകൂട്ടുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ചില ലബോറട്ടറികളില്‍ ഉണ്ടായിരുന്ന വൈറസ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവു നല്‍കിയിരുന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ സയന്‍സ് ആന്‍ഡ് എജ്യുക്കേഷന്‍ വിഭാഗം സൂപ്പര്‍വൈസര്‍ ലിയു ഡെങ്‌ഫെങ് ബെയ്ജിങ്ങില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാലിത് മാരകമായ വൈറസിനെ കൈകാര്യം ചെയ്യാന്‍ ശേഷിയില്ലാത്ത ലാബുകളില്‍ സൂക്ഷിച്ചിരുന്ന വൈറസുകളെ നശിപ്പിക്കാനായിരുന്നു നിര്‍ദേശമെന്നും, ലാബുകളുടെ സുരക്ഷ ഉറപ്പാക്കാനും മാരകമായ അജ്ഞാത രോഗാണുക്കള്‍ മൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമായിരുന്നു ഉത്തരവെന്നും ലിയു പറഞ്ഞു. ഈ കാര്യത്തില്‍ അമേരിക്കയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത് മറ്റ് രാജ്യങ്ങളെയും ആശയക്കുഴപ്പത്തിലാക്കുമെന്നും ലിയു കുറ്റപ്പെടുത്തി.

രോഗവ്യാപനത്തിന്റെ തീവ്രത മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സാംപിളുകള്‍ നശിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനുവരി മൂന്നിന് ഉത്തരവിട്ടതെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചിരുന്നു. വൈറസിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കു ചൈന സെന്‍സറിങ് ഏര്‍പ്പെടുത്തിയെന്നും പോംപിയോ വ്യക്തമാക്കിയിരുന്നു. എവിടെനിന്നാണു വൈറസിന്റെ തുടക്കം, എങ്ങനെയാണു മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു

വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. എന്നാല്‍ അമേരിക്കന്‍ സൈനികരാണ് വുഹാനിലേക്ക് വൈറസിനെ എത്തിച്ചതെന്ന് ചൈനയും തിരിച്ചടിച്ചിരുന്നു. വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന ഈ സാഹചര്യത്തിലാണ് ആദ്യഘട്ടത്തില്‍ സാംപിളുകള്‍ നശിപ്പിച്ചുവെന്ന ചൈനയുടെ വെളിപ്പെടുത്തല്‍. ഇത് യുഎസ്-ന്റെ ആരോപണങ്ങള്‍ക്കു കൂടുതല്‍ ശക്തി പകരും.