അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

single-img
16 May 2020

കേരളമാകെ വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഇന്ന്കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മെയ് 17ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും മെയ് 18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മേൽ പറയുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ മഴ ലഭിക്കുന്ന ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മാസം 16 മുതൽ മെയ് 20 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.