കേന്ദ്രസര്‍ക്കാര്‍ പാക്കേജ് വെറും പ്രഹസനം: തോമസ് ഐസക്

single-img
16 May 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പ്രത്യേകപാക്കേജിലെ തുകയുടെ വിഭജനക്കണക്കുകൾക്കെതിരെ വിമർശനവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും തീവെട്ടിക്കൊള്ളയാണെന്നും ഐസക് ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ പൊതുജനാരോഗ്യമേഖലയെയും പൊതുമേഖലയെ പൊതുവെയും ശക്തിപ്പെടുത്തുന്നതിന് പകരം സ്വാശ്രയത്വം എന്ന ലേബലിൽ രാജ്യത്തെ സ്വകാര്യവത്കരിക്കുകയാണ് കേന്ദ്രസർക്കാർ എന്നും മന്ത്രി ആരോപിച്ചു.

സാധാരണക്കാരായ ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാനുള്ള ഒരു പദ്ധതിയും കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് പറഞ്ഞ തോമസ് ഐസക്, വൈദ്യുതി വിതരണരംഗത്തെ സ്വകാര്യവത്കരണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇപ്പോൾ രാജ്യത്ത് കൊവിഡ് മൂലം ആളുകൾ മരിക്കുന്ന സ്ഥിതിയാണ് പലയിടത്തും. ഈ അവസ്ഥ തടയാനായി ഒരു ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നില്ലെന്ന് തോമസ് ഐസക് പറഞ്ഞു.