500 ഖനന ബ്ലോക്കുകൾ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും; സാമ്പത്തിക പാക്കേജ് നാലാം ഭാഗവുമായി നിർമലാ സീതാരാമൻ

single-img
16 May 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തിൽ ഭാവിയിൽ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്കരണ നടപടികളെ വിശദീകരിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. ഭാവിയിൽ രാജ്യത്തെ കരുത്തുള്ളതാക്കുകയും സ്വന്തം മികവുകളിൽ ഊന്നിനിന്ന് മുന്നേറാൻ സഹായിക്കുന്നതാണ് ഇവയെന്നും ധനമന്ത്രി വിശേഷിപ്പിച്ചു.

ഈ ലക്ഷ്യത്തിലേക്കായി എട്ട് മേഖലകളിലാണ് ഊന്നൽ നൽകുന്നത്. കൂടുതലായുള്ള നിക്ഷേപം, കൂടുതൽ ഉൽപ്പാദനം, കൂടുതൽ തൊഴിൽ എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കൽക്കരി, ധാതു, വ്യോമയാനം, പ്രതിരോധ ഉൽപ്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം ഊന്നൽ നൽകിയത്.

പ്രധാന ഊർജ്ജ ശ്രോതസ്സായ കൽക്കരി രംഗത്ത് വാണിജ്യവത്കരണത്തിനാണ് ശ്രമിക്കുന്നത്. ഈ മേഖലയിൽ ഇപ്പോൾ സർക്കാരിനുള്ള കുത്തക അവകാശം നീക്കും. അതേപോലെ. ടണ്ണിനെ അടിസ്ഥാനമാക്കിയുള്ള വരുമാനം മാറ്റും. ലഭിക്കുന്ന വരുമാനം സ്വകാര്യ മേഖലയുമായി പങ്കുവക്കും.

നിലവിൽ ലോകത്ത് കൽക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ പോലും ഇപ്പോഴും കൽക്കരി ഇറക്കുമതി ചെയ്യുന്നുണ്ട്. കൽക്കരി മേഖലയിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ കൂടി പരിഗണിച്ചേ തീരുമാനം ഉണ്ടാകൂ. 50000 കോടി രൂപ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാനാണ് ഇത് ലക്ഷ്യമാക്കുന്നത്. പുതിയ തീരുമാനത്തിലൂടെ നടപടികൾ എളുപ്പമാക്കാൻ സംയോജിത ലേലത്തിന് നീക്കം. നിലവിലേതിൽ നിന്നും പര്യവേഷണവും ഖനനവും എല്ലാം പലർ ചെയ്യുന്ന രീതി മാറ്റും.

ഇതിന്റെ ഭാഗമായി 500 ഖനന ബ്ലോക്കുകൾ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. സമാനമായി അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാൻ ബോക്സൈറ്റും കൽക്കരിയും ഖനനം ചെയ്യാൻ അനുവാദം നൽകും. ഇതുവഴി അലുമിനിയം വ്യവസായത്തിൽ വൈദ്യുതി ഉപഭോഗത്തിന്റെ ചെലവ് കുറയ്ക്കുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.