മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു; മന്ത്രി എ സി മൊയ്‍തീന്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ല: മെഡിക്കൽ ബോർഡ്

single-img
16 May 2020

ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ മന്ത്രി എ സി മൊയ്‍തീന്‍ നിലവിൽ ക്വാറന്‍റൈനില്‍ പോകേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. പക്ഷെ ഈ മാസം 26 വരെ മന്ത്രി എല്ലാ പൊതുപരിപാടികളും ഒഴിവാക്കണം. കഴിഞ്ഞ ദിവസം വാളയാറിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ അനില്‍ അക്കര എംഎല്‍എ പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിരുന്നതായി ബോര്‍ഡ് പറഞ്ഞു.

വാളയാറിൽ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ യുഡിഎഫ് ജനപ്രതിനികളോട് ക്വാറന്‍റൈനില്‍ പോകാൻ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.എയർ പോർട്ടിൽ പ്രവാസികളുമായി ഇടപെടുകയും അനില്‍ അക്കര പങ്കെടുത്ത യോഗത്തിലുണ്ടാവുകയും ചെയ്ത മന്ത്രി എ സി മൊയ്തീനെ ക്വാറന്‍റൈനില്‍ നിന്ന് ഒഴിവാക്കിയത്.

നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലാണ് മന്ത്രി ഉള്‍പ്പെടുകയെന്നാണ് മെഡിക്കല്‍ ബോർഡ് പറഞ്ഞത്. മന്ത്രി എ സി മൊയ്‍തീനും ജില്ലാ കളക്ടർ എസ് ഷാനവാസും മറ്റ് ജനപ്രതിനിധികളും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ക്വാറന്‍റൈന്‍ ഒഴിവാക്കിയെങ്കിലും യോഗത്തിൽ പങ്കെടുത്ത ജില്ലയിലെ എംഎല്‍എമാര്‍ ഉള്‍പ്പെടെയുളളവര്‍ മുഴുവൻ സമയവും സർജിക്കൽ മാസ്‌ക് ധരിക്കണമെന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് പറയുന്നു.