മൂന്നാം ഘട്ടം കൂടുതൽ അപകടകരം, തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ട: കെ കെ ശൈലജ

single-img
16 May 2020

കോവിഡിന്റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ചികില്‍സയില്‍ ഇപ്പോഴുള്ള ശ്രദ്ധ നല്‍കാനാവില്ലെന്നും പ്രതിരോധനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. 

തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ട. കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ട്. എന്നുവെച്ച് എല്ലാം നിര്‍ത്തിവെച്ച് പട്ടിണി കിടന്ന് മരിക്കാന്‍ പറ്റില്ല. അതു കണക്കിലെടുത്ത് ജീവനോപാധികളില്‍ ഇളവുണ്ടാകും. മരണം ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണം. അല്ലെങ്കില്‍ കൂട്ടത്തോടെ രോഗം വന്ന് മരിച്ചുപോകും. 

കേരളത്തിന് പുറത്തുള്ളവരില്‍ അത്യാവശ്യാക്കാര്‍ മാത്രമാണ് മടങ്ങേണ്ടത്. എല്ലാവരും കൂടി വന്നാല്‍ അവര്‍ക്കും നമുക്കും ബുദ്ധിമുട്ടുണ്ടാക്കും. യോഗ്യരായവര്‍ ഇനിയും നാട്ടിലെത്താനുണ്ട്. അവരെ ഘട്ടംഘട്ടമായി തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പൊതുഗതാഗതം വേണോയെന്ന് സാഹചര്യം നോക്കി തീരുമാനിക്കും. കേന്ദ്ര മാനദണ്ഡപ്രകാരം മാത്രമായിരിക്കും അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കുക എന്നും മന്ത്രി പറഞ്ഞു.