അതീവ ന്യൂനമർദ്ദം വെെകിട്ടോടെ ചുഴലിക്കാറ്റാകും: കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത

single-img
16 May 2020

ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞദിവസം രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപംപ്രാപിക്കുമെന്നും ഒഡീഷയിലും ബംഗാള്‍ ഉള്‍ക്കടലിലും വീശിയടിക്കുമെന്നും മുന്നറിയിപ്പ്. ഇന്നുവൈകീട്ടോടെ കാറ്റിന് ശക്തി പ്രാപിച്ച് തീവ്രചുഴലിയായി ആഞ്ഞടിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. 

അതി തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ തീരത്ത് കനത്ത മഴയ്ക്കും, കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.മുന്നറിയിപ്പിൻ്റെ ഭാഗമായി ഒഡീഷയിലും ബംഗാളിലും 12 തീരദേശ ജില്ലകളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു.തീരപ്രദേശത്തുള്ളവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 

മല്‍സ്യത്തൊഴിലാളികള്‍ അടുത്ത ദിവസങ്ങളില്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

നാളെ ആലപ്പുഴ,  എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച  എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.