കോടതിക്ക് എന്ത് ചെയ്യാനാകും?; സ്വന്തം നാട്ടിലേക്ക് നടന്നുപോകുന്ന തൊഴിലാളികളെ തടയാനാകില്ലെന്ന് സുപ്രീം കോടതി

single-img
15 May 2020

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കുടിയേറ്റ തൊഴിലാളികള്‍ അവരുടെ വീട്ടിലേക്ക് നടന്നുപോകുന്നത് തടയാന്‍ ആകില്ലെന്ന് സുപ്രീം കോടതി.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നടന്ന് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരത്തിൽ നിലപാടെടുത്തത്.

മാത്രമല്ല, ഈ വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. സ്വന്തമിഷ്ടപ്രകാരം തൊഴിലാളില്‍ നടക്കുന്നതില്‍ കോടതിക്ക് എന്ത് ചെയ്യാനാകും. യാതൊരു തരത്തിലും തൊഴിലാളികളെ തടയാന്‍ കോടതിക്ക് സാധിക്കില്ല. നടക്കുന്നവഴി റെയില്‍വെ ട്രാക്കില്‍ ആളുകള്‍ കിടക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ സമർപ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്. കഴിഞ്ഞ ദിവസംഔറംഗബാദില്‍ 16 തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരൻ വാദം നടത്തുന്നത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം കേസിൽ കേന്ദ്ര സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടുകളിലെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗതാഗത സംവിധാനം ആരംഭിച്ചെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ ഇതിനായി ചിലര്‍ക്ക് കാത്തുനില്‍ക്കാന്‍ ക്ഷമയില്ലെന്നും അതുകൊണ്ടാണ് ഹൈവേയിലൂടെയും ട്രാക്കിലൂടെയും നടക്കുന്നതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.