കൊവിഡ് സാമ്പത്തിക പ്രതിസന്ധി: സമ്പന്ന ക്ഷേത്രങ്ങളിലെ 90% സ്വര്‍ണ്ണം ഉപയോഗിച്ച് പ്രശ്‌നപരിഹാരം കാണണം: സംവിധായകന്‍ സുഭാഷ് ഗായ്

single-img
15 May 2020

രാജ്യത്തെ ജനങ്ങൾ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പണം കണ്ടെത്തുന്നതിന് പുതിയ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ് ബോളിവുഡ് ചലച്ചിത്ര പ്രവർത്തകൻ സുഭാഷ് ഗായ്. ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളിലെ 90% സ്വര്‍ണ്ണം ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഉപയോഗിച്ചു കൂടേ എന്നായിരുന്നു പ്രധാനമന്ത്രിയോട് സുഭാഷ് ഗായ് ചോദിക്കുന്നത്.

സ്വന്തം നാടുകളില്‍ തിരികെ എത്താന്‍ കഷ്ടപ്പെടുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളേയും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ദിവസക്കൂലിക്കാരെയും ഈ പണമുപയോഗിച്ച് സഹായിക്കാം എന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ഇദ്ദേഹത്തിന്റെ ട്വീറ്റ് ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

പക്ഷെ ഇത് വിവാദമായതോടെ സുഭാഷ് ഗായ് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. നേരത്തെ കോൺഗ്രസ് നേതാക്കളും ഇതിന് സമാനമായ നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പൃഥ്വിരാജ് ചവാന്‍ കഴിഞ്ഞ ബുധനാഴ്ച്ച പറഞ്ഞത് രാജ്യത്തെ വിവിധ മതവിഭാഗങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണ നിക്ഷേപം ഉപയോഗിച്ചാല്‍ തന്നെ 76 ലക്ഷം കോടി രൂപ സമാഹരിക്കാം എന്നായിരുന്നു.