4100 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി; സ്വാശ്രയ ഭാരത് പാക്കേജ് മൂന്നാം ഘട്ടം വിശദീകരിച്ച് നിര്‍മലാ സീതാരാമന്‍

single-img
15 May 2020

പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പതിനൊന്ന് പദ്ധതികളാണ് മന്ത്രി പ്രഖ്യാപിച്ചത്. ഇതില്‍ ആദ്യ എട്ട് പ്രഖ്യാപനങ്ങള്‍ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അതേസമയം
ഭരണപരമായ മാറ്റങ്ങള്‍ക്കായി മൂന്ന് പദ്ധതികളും കാര്‍ഷിക അനുബന്ധ മേഖലകള്‍, മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌ക്കരണം എന്നിവയിലുമാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

രാജ്യവ്യാപക ലോക്ക് ഡൗണ്‍ കാലത്ത് കേന്ദ്രം എടുത്ത നടപടികളും ധനമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ കിസാന്‍ ഫണ്ട് വഴി 18, 700 കോടി കൈമാറി. അതേപോലെ താങ്ങുവില സംഭരണത്തിന് 74, 300 കോടി ഉറപ്പാക്കി. പി.എം ഫസല്‍ ഭീമാ യോജനയില്‍ രണ്ട് മാസത്തിനിടെ 6400 കോടി രൂപ കൈമാറിയതായും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ ക്ഷീര കര്‍ഷകരില്‍ നിന്ന് 111 കോടി ലിറ്റര്‍ പാല്‍ അധികം സംഭരിച്ചെന്നും പാലിന്റെ വില്‍പ്പനയിലെ കുറവ് നികത്താനായിരുന്നു ഇതെന്നും 4100 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.

സമാനമായി മത്സ്യബന്ധന മേഖലയ്ക്കും കേന്ദ്രസര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ നല്‍കിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാം ഘട്ടത്തിലെ പ്രധാന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്കാണ്. ഇനിയുള്ള സമയം ഒരു ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ചിലവാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ സബ്‌സിഡിയോടെ ക്ഷീരസഹകരണ സംഘങ്ങള്‍ വഴി വായ്പ നല്‍കും.

കര്‍ഷകര്‍ക്ക് അവരുടെ വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് തുക. ഇതിനൊപ്പം ചെമ്മീന്‍ പാടങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി നീട്ടാനും തീരുമാനമെടുത്തു. രാജ്യത്തെ ഭക്ഷ്യമേഖലയിലെ ചെറുകിട ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്ക് പതിനായിരം കോടി അനുവദിക്കും. സ്ത്രീകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്കും അസംഘടിത മേഖലയിലെ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകള്‍ക്കും മുന്‍തൂക്കും നല്‍കും.