പ്രകാശ് ബാബുവിന്റെ മകന്റെ പേരിലുള്ള കഞ്ചാവ് കേസിലെ ലോക്ക് ഡൌൺ ലംഘനം ഒരുമാ‍സം കഴിഞ്ഞിട്ടും ലോക്കൽ പൊലീസിന് കൈമാറാതെ എക്സൈസ് വകുപ്പ്

single-img
15 May 2020

സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസിലെ ലോക്ക് ഡൌൺ ലംഘനം ലോക്കൽ പൊലീസിന് കൈമാറാതെ എക്സൈസ് അനാസ്ഥ കാണിക്കുന്നു. ലോക്കൽ പൊലീസിന് കേസ് കൈമാറിയാൽ കൂടുതൽ മാധ്യമശ്രദ്ധ കേസിനുണ്ടാകുമെന്ന് കരുതിയാണ് ഇതെന്നാണ് ആരോപണം.

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ബിരിയാണി പാകം ചെയ്യുന്നതിനോ ബക്കറ്റ് ചിക്കൻ ഉണ്ടാക്കുന്നതിനോ ഒത്തുകൂടിയ യുവാക്കൾക്കെതിരെ വരെ കേസെടുത്ത ഒരു സംസ്ഥാനത്താണ് ഭരണമുന്നണിയിലെ ഉന്നത നേതാവിന്റെ മകനും സുഹൃത്തുക്കളും വഴിയരുകിൽ നിന്ന് കഞ്ചാവ് വലിച്ച സംഭവത്തിൽ കേസെടുക്കാതിരിക്കുന്നത്.

അറസ്റ്റ് നടക്കുന്ന സമയത്ത് ലോക്ക്ഡൌൺ ലംഘനം നടന്നതായി അറസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിരുന്നില്ലെന്നാണ് പത്തനാപുരം എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ അനിൽ കുമാർ ഇവാർത്തയോട് പറഞ്ഞത്. അന്ന് ലോക്ക്ഡൌൺ സംബന്ധിച്ച കൃത്യമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഈ വാദങ്ങൾ വസ്തുതാ വിരുദ്ധമാണെന്നാണ് ഇവാർത്ത നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്. ലോക്ക് ഡൌൺ സംബന്ധമായ നിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി ദിവസങ്ങൾ കഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാർച്ച് 23-നാണ് പകർച്ച വ്യാധി നിയമം 1897, ദുരന്തനിവാരണനിയമം 2005 എന്നിവയെ അടിസ്ഥാനമാക്കി സർക്കാർ ഒരു ഉത്തരവ് ( G.O.(Ms) No.49/2020/GAD ) പുറത്തിറക്കുകയും അത് എല്ലാ വകുപ്പുകൾക്കും കൈമാറുകയും ചെയ്തത്. ഈ ഉത്തരവിലെ മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവും പതിനായിരം രൂപവരെ പിഴയും നൽകാവുന്ന വിധത്തിൽ പകർച്ചവ്യാധി നിയമം 1897-നെ സർക്കാർ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. മാർച്ച് 24-നാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നത്. ഈ വസ്തുതകൾ നിലനിൽക്കേയാണ് ഏപ്രിൽ നാലിന് സംഭവം നടക്കുമ്പോൾ സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

ലോക്ക്ഡൌൺ ലംഘിച്ച് അപരിചിതരായ ഒരുകൂട്ടം യുവാക്കൾ നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് തങ്ങൾ എത്തിയതെന്ന് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ ഒരു പ്രാദേശിക മാധ്യമപ്രവർത്തകനോട് പറയുന്നതിന്റെ വീഡിയോയും യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. ലോക്ക്ഡൌൺ ലംഘനം നടന്ന കാര്യം എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഇതിൽ നിന്നും മനസിലാക്കാം. പ്രതികളിൽ ഒരാ‍ൾ കോട്ടയം സ്വദേശിയാണ്. ലോക്ക്ഡൌൺ കാലത്ത് ഇയാൾ എങ്ങനെ അവിടെയെത്തി എന്ന് അന്വേഷിക്കാൻ പോലും എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിച്ചില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ കൃഷ്ണപ്രശോഭ് അടക്കം അഞ്ച് പേരെ ഏപ്രിൽ മാസം 4-നാണ് കുന്നിക്കോട് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. ഏപ്രിൽ നാലാം തീയതി വൈകുന്നേരം ആറുമണിയ്ക്ക് പത്തനാപുരം തലവൂരിനടുത്ത് കുന്നിക്കോട്-കുര റോഡിൽ നിന്നും ഞാറയ്ക്കാട് ഏലായിലേയ്ക്ക് പോകുന്ന ഇടവഴിയിൽ നിന്നാണ് കുന്നിക്കോട് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം 2 ഗ്രാം കഞ്ചാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. അതിനാൽ NDPS( Narcotic Drugs and Psychotropic Substances Act) -ലെ ജാമ്യം ലഭിക്കാവുന്ന 27(b) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ ഈ അഞ്ചംഗ സംഘത്തിന്റെ കയ്യിൽ കൂടിയ അളവിൽ കഞ്ചാവ് ഉണ്ടായിരുന്നതായി ആരോപണങ്ങളുണ്ട്. ഇക്കാര്യം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്. രണ്ട് ഗ്രാം കഞ്ചാവും അത് വലിക്കാനുള്ള ബോങും മാത്രമാണ് പിടിച്ചെടുത്തതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം.

തങ്ങളുടെ പാർട്ടിയിലെ ഉന്നതനേതാവിന്റെ മകനെതിരായ കഞ്ചാവ് കേസിൽ സിപിഐ നേതാക്കൾക്കും അണികൾക്കുമിടയിലും രോഷം പുകയുകയാണ്. സംഘപരിവാർ-ആർഎസ്എസ് നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അത്തരം പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുന്ന കൃഷ്ണപ്രശോഭിനെതിരെ സൈബറിടങ്ങളിൽ ഇടപെടുന്ന സിപിഐ അനുഭാവികൾക്കിടയിലും കടുത്ത രോഷമുണ്ട്. കടുത്ത സംഘപരിവാർ അനുഭാവിയായ മകനെ രക്ഷിക്കാൻ പാർട്ടി നേതാവ് എന്നരീതിയിൽ ഇദ്ദേഹം ഇടപെട്ടത് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുമുണ്ട്.