ഇനിയുള്ള നാളുകൾ നാം കൊറോണയെ കരുതി ജീവിക്കണം: മുഖ്യമന്ത്രി

single-img
14 May 2020

കൊവിഡ് 19 ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മെഡിസിന്‍ കണ്ടുപിടിച്ചില്ല എങ്കിൽ എച്ച്ഐവിയെ പോലെ ലോകത്താകെ നിലനിൽക്കുന്ന വൈറസായി നോവൽ കൊറോണ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു എന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകൾ നാം കൊറോണയെ കരുതിയാവണം ജീവിക്കേണ്ടത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മുന്കരുതലിന്റെ ഭാഗമായി സമൂഹത്തിന്‍റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കൽ, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാർത്ഥ്യമാക്കൽ എന്നിവ വളരെ പ്രധാനമാണ്. സർക്കാരിന്റെ പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലിൽ കേന്ദ്രീകരിക്കും.

ഇതിന് അനുസൃതമായി പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നും മാസ്ക് പൊതുജീവിതത്തിന്‍റെ ഭാഗമാകണം എന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അതേപോലെ തന്നെ തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം.വളരെ അത്യാവശ്യമുള്ള യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. പാർട്ടികളിൽ ആളുകളുടെ എണ്ണം ക്രമീകരിക്കുക.

ഇതിനായി വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം. സംസ്ഥാനത്തെ ഭക്ഷണശാലകളിലും ഷോപ്പിങ് സെന്‍ററുകളിലും മുൻകൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് സമയം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതേവരെ കൊവിഡ് 19 മനുഷ്യജീവൻ കവർന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് ചുറ്റിലും. ലോകത്താകെയായി 124 മലയാളികൾ ഇതുവരെ മരിച്ചു. നമ്മുടെ ആരോഗ്യ സാമൂഹ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി നിൽക്കുന്നവരും രോഗത്തിന് കീഴടങ്ങി. എല്ലാവരുടെയും ബന്ധുക്കളുടെ ദുഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.