സംസ്ഥാനമാകെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

single-img
14 May 2020
Asphalt road.

കേരളത്തിലെ ഏഴ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. അടിയന്തിരമായി സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്ന നിലയില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് 14ന് പത്തനംത്തിട്ട,കൊല്ലം ജില്ലയിലും 16ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലയിലും 18ന് എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ ലഭിക്കുന്ന വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമി മുതല്‍ 115.5 മിമി വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന്മുതല്‍ മെയ് 18 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.