മതവികാരം വ്രണപ്പെടുത്തിയതിലൂടെ സർവീസ് ചട്ട ലംഘനം; രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ പിരിച്ചുവിട്ടു

single-img
14 May 2020

ശബരിമലയിലെ സുപ്രീം കോടതി വിധിയോടനുബന്ധിച്ച യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിനൊടുവിൽ രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ പിരിച്ചുവിട്ടു. യുവതീ പ്രവേശന സമയം ഇവർ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലുമാണ് രഹ്നക്കെതിരെ ബിഎസ്എൻഎൽ ആഭ്യന്തര അന്വേഷണം നടത്തിയത്.

അന്വേഷണ ഭാഗമായി കഴിഞ്ഞ 18 മാസമായി സസ്‌പെന്‍ഷനിലായിരുന്നു ഇവര്‍. ഇതിന്റെ തുടര്‍ നടപടിയായാണ് ഇപ്പോൾ ജോലിയിൽ നിന്നും പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെയും അച്ചടക്ക സമിതിയുടെയും കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സോഷ്യൽ മീഡിയയിലൂടെ രഹ്ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയെന്നും സര്‍വീസ് ചട്ടം ലംഘിച്ചെന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ചൂണ്ടിക്കാട്ടുന്നു. രഹ്ന ഫാത്തിമ ചെയ്ത പ്രവൃത്തികള്‍ ബിഎസ്എൻഎല്ലിന്റെ അന്തസിനേയും വരുമാനത്തേയും ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

എന്നാൽ പിരിച്ചുവിടലിന് പിന്നിലെ കാരണം എന്തെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം സുപ്രീം കോടതി പുറപ്പെടുവിച്ച സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടല്‍ എന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ പറഞ്ഞു.