ലോക്ക് ഡൗൺ ലംഘിച്ച് മതപരിപാടി; ഇസ്രയേലിൽ അറസ്റ്റിലായത് 300 പേർ

single-img
13 May 2020

ഇസ്രയേൽ: ലോക്ക് ഡൗൺ ലംഘനത്തിന് ഇസ്രയേലിൽ 300ഓളം പേർ അറസ്റ്റിൽ. വടക്കന്‍ ഇസ്രായേലിലെ മെറോണ്‍ പര്‍വതത്തിലാണ് അറസ്റ്റ് നടന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ മതപരിപാടി നടത്തിയവരാണ് അറസ്റ്റിലായത്.

ലാഗ് ബി ഒമര്‍ എന്ന ജൂതപുരോഹിത​​ന്റെ ഓര്‍മദിനത്തിലാണ് ആയിരക്കണക്കിന്​ തീവ്ര യാഥാസ്​തിക ജൂതമത വിശ്വാസികള്‍ ഒരുമിച്ചുകൂടിയത്. മുന്‍വര്‍ഷങ്ങളിലേതുപോലെ നൃത്തവും ദീപാലങ്കാരവുമായി ജനക്കൂട്ടം ശവകുടീരത്തില്‍ തടിച്ചുകൂടുകയായിരുന്നു.

തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ്​ ഉദ്യോഗസ്ഥര്‍ക്ക്​ നേരെ ആക്രമണശ്രമമുണ്ടായതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. കൊറോണ വ്യാപനം തടയാൻ രാജ്യത്ത് 20 പേരിലധികം ഒരുമിച്ചുകൂടുന്നത് വിലക്കി അധികൃതർ ഉത്തരവിറക്കിയിരുന്നു.

രാജ്യത്ത് സ്ഥിരീകരിച്ച 16,500 കൊവിഡ് കേസുകളില്‍ 70 ശതമാനവും തീവ്ര ഓര്‍ത്തഡോക്സ് വിശ്വാസികളാണെന്നാണ്​ റിപ്പോർട്ടുകൾ. ഇസ്രായേല്‍ ജനസംഖ്യയുടെ 12 ശതമാനമാണ്​ ഈ വിഭാഗം. രാജ്യത്ത്​ ഇതുവരെ 260 മരണങ്ങളാണ്​ റിപ്പോര്‍ട്ട് ചെയ്തത്​.