ലോക്ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ തെയ്യക്കോലങ്ങളൊരുക്കി പത്താം ക്ലാസുകാരന്‍ കൃഷ്ണപ്രസാദ്

single-img
13 May 2020

ലോക്ഡൗണ്‍ കാലത്ത് പാഴ് വസ്തുക്കളില്‍ തെയ്യക്കോലങ്ങളൊരുക്കി പത്താം ക്ലാസുകാരന്‍ കൃഷ്ണപ്രസാദ്. ജന്മനാ തലാസീന രോഗം ബാധിച്ച് ചികിത്സ തുടരുകയാണ് കൃഷ്ണ പ്രസാദ്. ദേഹമാസകലം വേദനിക്കുമ്പോഴും ഈ കുഞ്ഞു കലാകാരന്‍ വര്‍ണ്ണങ്ങളില്‍ ആശ്വാസം കണ്ടെത്തുകയാണ്. ഗതാഗത സൗകര്യം തീരെ കുറഞ്ഞ കാട് പിടിച്ച അന്തരീക്ഷത്തിലെ കൊച്ചുവീട്ടിന്‍റെ സിമെന്റ് കട്ടയില്‍ കെട്ടിപ്പൊക്കിയ ചുമരില്‍ നിറയെ ഈ കൊച്ചു മിടുക്കന്‍റെ വരകളാണ്.

പ്ത്താം വയസ്സുമുതല്‍ വേറിട്ട ചിത്രങ്ങള്‍ വരച്ചു വരുന്നുണ്ടെങ്കിലും ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് കൃഷ്ണ പ്രസാദിലെ പ്രതിഭയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പൂക്കളുടേയും പ്രകൃതിയുടേയുമെല്ലാം ചിത്രങ്ങള്‍ വരക്കുമെങ്കിലും കൃഷ്ണപ്രസാദിന് വരക്കാന്‍ ഏറെ ഇഷ്ടം തെയ്യക്കോലങ്ങളാണ്. ചെമ്പട്ടില്‍ ഒരുങ്ങി നില്‍ക്കുന്ന വിവിധ തെയ്യക്കോലങ്ങളുടെ നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ സമയത്ത് പേപ്പര്‍, കളിമണ്ണ് തെര്‍മോ കോള്‍, ഐസ്‌ക്രീം പാത്രങ്ങള്‍ തുടങ്ങി വിവിധ പാഴ് വസ്തുക്കളില്‍ മികവുറ്റ തെയ്യക്കോലങ്ങള്‍ ഒരുക്കിയിരിക്കുകയാണ് കൃഷ്ണപ്രസാദ്. കാസര്‍കോട് ജില്ലയിലെ കോടോംബേളൂര്‍ പഞ്ചായത്തില്‍ പാലപ്പുഴയില്‍ കൂലിപണിക്കാരനായ കൃഷ്ണകുമാറിന്‍റെയും വീട്ടമ്മയായ ഗിരിജയുടേയും മകനാണ്. അനുജത്തി കൃഷ്ണപ്രിയ. കലാരംഗത്ത് സമയം ചിലവഴിച്ച് അസുഖത്തെ മറക്കാന്‍ ശ്രമിക്കുമ്പോഴും എല്ലാ മാസവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും രക്തം മാറ്റിവെക്കലിന് വിധേയനാകേണ്ടതുണ്ട് കൃഷ്ണപ്രസാദിന്.