ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

single-img
13 May 2020

കേരളത്തിൽ ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 3 , വയനാട്, പാലക്കാട് – 2 , കോട്ടയം, കണ്ണൂര്‍, കോഴിക്കോട്- ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്തു നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 ആളുകൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

വയനാട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്. ഇത് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവര്‍ക്ക് ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടുകൂടി ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.

കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. സംസ്ഥാനത്താകെ 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. ഇതേവരെ 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

കേരളത്തിലെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പുതിയതായി 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.