അവതരിപ്പിക്കുന്നത് സ്വാശ്രയ ഇന്ത്യയ്ക്കായുള്ള പാക്കേജ്; വായ്പാ കാലാവധി നാല് വർഷമാക്കും: നിർമലാ സീതാരാമൻ

single-img
13 May 2020

രാജ്യത്തെ സംബന്ധിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ധനമന്ത്രി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ എല്ലാ വകുപ്പുതല മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, സ്വാശ്രയ ഇന്ത്യയ്ക്കായുള്ള പാക്കേജാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകണമെന്നും ഈ പാക്കേജ് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കാണെന്നും ധനമന്ത്രി വ്യക്തമാക്കി.

നമ്മുടെ സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടാണ് പാക്കേജ്. മാന്ദ്യതിലുള്ള സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉൾക്കൊണ്ടാണ് പാക്കേജിന് രൂപം നൽകിയത്.
ഇന്ത്യന്‍ സമ്പദ്ഘടനയിൽ ഇതുവരെ വരുത്തിയ മാറ്റങ്ങൾ പാവങ്ങളുടെ ജീവിതം മാറ്റിമറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ശക്തമായ തുടർച്ചയുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രധാന പ്രഖ്യാപനങ്ങള്‍:

രാജ്യത്തെ ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കുന്നതിനൊപ്പം വായ്പാ കാലാവധി നാലു വർഷമാക്കും. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകും.

പരമാവധി100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക. പദ്ധതി പ്രകാരം 45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭിക്കും. ഈ വര്‍ഷം ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.