ഇന്ത്യയിൽ കോവിഡ് വാക്സിൻ യാഥാർത്ഥ്യത്തിലേക്ക്: ഒക്ടോബറിൽ വിപണിയിലെത്തും, വില 1000 രൂപ

single-img
13 May 2020

കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്സിൻ ഒക്ടോബറിൽ ലോകവിപണിയിലെത്തിക്കാൻ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നതായി വിവരം. മലയാള മനോരമയാണ് ഇതുസംബന്ധിച്ച വാർ്ത പുറത്തു വിട്ടത്. രാജ്യത്ത് 1000 രൂപയ്ക്കു വാക്സിൻ ലഭ്യമാക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. ഇതു യാഥാർഥ്യമായാൽ ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞ കോവിഡ് വാക്സിന്‍ നിർമിക്കുന്ന രാജ്യം എന്ന അഭിമാന നേട്ടം ഇന്ത്യയ്ക്കു സ്വന്തമാകുമെന്നാണ് മനോരമ പറയുന്നത്. 

കോവിഡ് 19 വാക്സിൻ ഗവേഷണത്തിനും നിർമാണത്തിനും കേന്ദ്ര സർക്കാർ അനുമതിയും കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ള കമ്പനിയാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ ഗവേഷണത്തിൽ പങ്കാളിയാണു സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഗവേഷണം മനുഷ്യ പരീക്ഷണ ഘട്ടത്തിലേക്കു കടന്നതായി കമ്പനിയുടെ ഡയറക്ടറും കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ പുരുഷോത്തമൻ സി. നമ്പ്യാർ വ്യക്തമാക്കി. 

ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ മനുഷ്യരിൽ സിറം–ഓക്സ്ഫഡ് വാക്സിൻ പരീക്ഷിച്ചു തുടങ്ങിയെന്നും ജൂണിൽ വ്യാവസായിക നിർമാണം തുടങ്ങി സെപ്റ്റംബറോടെ 2 കോടി ഡോസ് തയാറാക്കി വയ്ക്കാനാണു പദ്ധതിയെന്നും പുരുഷോത്തമൻ പറയുന്നു.  മനുഷ്യരിലെ പരീക്ഷണം വിജയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭ്യമായി കഴിഞ്ഞാൽ ആദ്യ ബാച്ച് വിപണിയിലെത്തിക്കും. കാലതാമസം ഒഴിവാക്കാൻ മനുഷ്യരിൽ പരീക്ഷണം പുരോഗമിക്കുന്ന ഘട്ടത്തിൽത്തന്നെ വ്യാവസായിക നിർമാണത്തിനും കമ്പനി തുടക്കമിട്ടു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കുന്നു. 

വാക്സിൻ്റെ ഉത്പാദനത്തിനായി വലിയ സാമ്പത്തികമാണ് ചെലാകുന്നത്. എന്നാൽ രാജ്യത്തുള്ള സാധാരണക്കാർക്കും വാക്സിൻ ഉപയോഗപ്രദമാകണമെങ്കിൽ വില കുറച്ചു നൽകാതെ പറ്റില്ല. അതു കൊണ്ടാണു തുക മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ നിന്ന് ഇതു മൂലമുണ്ടാകുന്ന നഷ്ടം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നികത്താമെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങളെപ്പോലെ കോവിഡ് 19 രോഗവും ഏറെക്കാലം ലോകത്തു നിലനിൽക്കും. രോഗത്തെ പൂർണമായും തുടച്ചുനീക്കാൻ വർഷങ്ങൾ വേണ്ടി വരും. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ വാക്സിൻ നയത്തിൽ അതുകൊണ്ടു തന്നെ കോവിഡ് 19 വാക്സിനേഷനും ഉൾപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.