അച്ഛനെ കത്തിമുനയിൽ നിർത്തി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് യാത്രചെയ്ത് 12കാരൻ: പോയത് മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ

single-img
13 May 2020

ആശുപത്രിയിൽ കഴിയുന്ന അമ്മയോടൊപ്പം മാതൃദിനത്തിൽ സെൽഫി എടുത്ത് സമുഹമാധ്യമങ്ങളിൽ നൽകാൻ അച്ഛനെ കത്തികാട്ടി വിരട്ടി പന്ത്രണ്ടുകാരൻ യാത്രചെയ്തു. തൃശൂരില്‍ നിന്നു കൊച്ചിയിലെ ആശുപത്രിയിലേക്കാണ് അച്ഛനെ കത്തിമുനയിലാക്കി മകൻ ബൈക്കിൽ യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് വാഹന പരിശോധനയ്ക്കിടെ പെലീസ് ഇവരെ പിടികൂടുകയായിരുന്നു. 

യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പരിശോധനയിൽ മകൻ്റെ പോക്കറ്റില്‍നിന്നും കത്തി കണ്ടെത്തി. വിയര്‍പ്പില്‍ കുളിച്ച് ഭയചകിതനായ രീതിയിൽ അച്ഛനാണു ബൈക്ക് ഓടിച്ചിരുന്നത്. അച്ഛനോടു സിഐ ബി.കെ. അരുണ്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കത്തിമുനയിലെ യാത്രയുടെ വിവരം പുറത്തായത്. ഇരുവരെയും പൊലീസ് വാഹനത്തില്‍ സ്റ്റേഷനിലെത്തിക്കുകയായിരുന്നുവെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

ഈ സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ:

അമ്മയുണ്ടാക്കുന്ന ബര്‍ഗറാണ് മകന്റെ ഇഷ്ടഭക്ഷണം. അമ്മ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിലായതോടെ മകന്‍ വിഷമത്തിലായി. അമ്മയുണ്ടാക്കുന്ന ബര്‍ഗര്‍ ആവശ്യപ്പെട്ടു കുട്ടി വാശിപിടിച്ചു തുടങ്ങി. മാതൃദിനത്തില്‍ അമ്മയെ ആശുപത്രിയില്‍ പോയി കാണണമെന്നും ബര്‍ഗര്‍ വേണമെന്നും കുട്ടി വാശിപിടിക്കുകയായിരുന്നു. 

മാതൃദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ സഹപാഠികള്‍ അമ്മയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെയാണ് അമ്മയെ കാണണമെന്ന വാശി കുട്ടി ശക്തമാക്കിയത്. ലോക്ഡൗണ്‍ ആയതിനാല്‍ യാത്രചെയ്യാന്‍ പാടില്ലെന്ന് അച്ഛന്‍ പറഞ്ഞെങ്കിലും കുട്ടി അടങ്ങിയില്ല. അടുക്കളയില്‍ നിന്നു കത്തിയെടുത്തു ഭീഷണി തുടങ്ങിയപ്പോള്‍ അച്ഛന്‍ ബൈക്കില്‍ കൊണ്ടുപോകാമെന്നു സമ്മതിച്ചു. 

കുട്ടിയുമായും പൊലീസുകാർ ഏറെ നേരം സംസാരിച്ചു. എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ഡേയ്സ്, റോബിന്‍സണ്‍ ക്രൂസോ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു സാരാംശം എഴുതി സ്റ്റേഷനിലെത്തിച്ചാൽ ബര്‍ഗര്‍ വാങ്ങിത്തരാമെന്ന് ഉറപ്പും നല്‍കി. പൊലീസ് സ്റ്റേഷനിൽ നിന്നും മടങ്ങിയ അച്ഛനും മകനും പുസ്തകങ്ങൾക്കൊപ്പമാണ് വീട്ടിലെത്തിയത്.