അർണാബിന്റെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്ന് ഹർജി; സുപ്രീം കോടതിയെ സമീപിക്കാൻ ബോംബെ ഹൈക്കോടതി

single-img
12 May 2020

രാജ്യത്ത് ചാനലിലെ വർഗീയ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിച്ച അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി. എന്നാൽ ഇത് പരിഗണിച്ചശേഷം വിധി പറയാതെ ബോംബെ ഹൈക്കോടതി മാറ്റി.

മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കളായ ഭാഗ് ജഗ്താപ്, സുരാജ് ഠാക്കൂർ എന്നിവർ നൽകിയ ഹർജിയിൽ വാദംകേട്ട ജസ്റ്റിസ് പൃഥിരാജ് ചവാൻ, ഹർജിനൽകിയവർക്ക് ഇടക്കാല ആശ്വാസം വേണമെങ്കിൽ സുപ്രീം കോടതിയിൽ പോകാമെന്ന് വ്യക്തമാക്കുകയായിരുന്നു. ചാനലും അതിന്റെ മാനേജ്‌മെന്റും വർഗീയ വിദ്വേഷം പരത്തുകയാണെന്നാണ് ഹർജിയിൽ പ്രധാനമായുംആരോപിച്ചത്. കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ പൽഘറിൽ രണ്ട് ഹിന്ദു സന്യാസിമാരടക്കം മൂന്നുപേരെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവം റിപ്പബ്ലിക് ടിവി റിപ്പോർട്ട് ചെയ്തത് വർഗീയ വിദ്വേഷം പരത്തുന്ന വിധത്തിലാണെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ കുറ്റപ്പെടുത്തുന്ന വിധത്തിലുള്ള പരിപാടി ചാനൽ സംപ്രേഷണം ചെയ്‌തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

സമൂഹത്തിൽ വർഗീയ വിദ്വേഷം പരത്തിയ വാർത്തകളുടെ പേരിൽ ഇപ്പോൾത്തന്നെ അന്വേഷണം നേരിടുന്ന റിപ്പബ്ലിക് ടി.വിയുടെ സംപ്രേഷണം അന്വേഷണം പൂർത്തിയാകുന്നതുവരെ നിരോധിക്കണമെന്നും, ചാനലിന്റെ സ്ഥാപകനും വാർത്താവിഭാഗം മേധാവിയുമായ അർണാബ് ഗോസ്വാമിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. എന്നാൽ പൽഗർ ആൾക്കൂട്ട കൊലപാതകം റിപ്പബ്ലിക് ടി.വി റിപ്പോർട്ട് ചെയ്ത സംഭവം സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്നും ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചവാൻ പറഞ്ഞു.

കോടതിക്ക് റിപ്പബ്ലിക് ടി.വി മാനേജ്‌മെന്റിനെതിരെ അന്വേഷണം നടക്കരുതെന്ന അഭിപ്രായമില്ലെന്നും ഇക്കാര്യത്തിൽ ഇടക്കാല വിധി വേണമെങ്കിൽ ഹർജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.