ലോക്കഴിയുന്നു: തീവ്ര ബാധിത മേഖലകളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കുമെന്നു പ്രധാനമന്ത്രി

single-img
12 May 2020

രാജ്യത്ത് ലോക്ക് ഡൗണിൽ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്ര ബാധിത മേഖലകളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിൽ ഏർപ്പെടുത്തേണ്ട ഇളവുകളെ സംബന്ധിച്ച് നിർദേശങ്ങൾ സമർ‌പ്പിക്കാൻ പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരോട് ആവശ്യപ്പെട്ടു.

പുനരാരംഭിച്ച ട്രെയിൻ സർവീസ് പിൻവലിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ലോക്ക് ഡൗണിനു ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് നരേന്ദ്ര മോദി പ്രസ്താവനയിൽ വ്യക്തമാക്കി.  മെയ് 17 ന് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് മോദിയുടെ ആഹ്വാനം. 

കൊവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതുവരെ സാമൂഹ്യ അകലം മാത്രമാണ് സുരക്ഷിത മാര്‍ഗമെന്നും മോദി പറഞ്ഞു. `കോവിഡിന് ശേഷം ലോകത്തിന് അടിസ്ഥാനപരമായി മാറ്റങ്ങളുണ്ടായി എന്നത് നമ്മള്‍ അറിഞ്ഞിരിക്കണം. ലോകമഹായുദ്ധാനന്തരമെന്നതുപോലെ കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്നിങ്ങനെ ലോകം മാറി. നമ്മള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതില്‍ ഇത് മാറ്റം വരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിച്ചാലും വാക്‌സിനോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ കണ്ടുപിടിക്കാത്തിടത്തോളം കാലം സാമൂഹ്യ അകലമാണ് വൈറസിനെതിരായ ഏറ്റവും വലിയ ആയുധമെന്ന കാര്യം നമ്മള്‍ ഓര്‍ത്തിരിക്കണം´- അദ്ദേഹം പറഞ്ഞു

മെയ് 15ന് മുമ്പ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഓരോ സംസ്ഥാനങ്ങളും വിശദമായി തന്നെ അറിയിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമായിരുന്നു തിങ്കളാഴ്ച നടന്നത്.