റഷ്യയില്‍ പ്രസിഡന്റ് പുടിന്റെ വക്താവിന് കോവിഡ്

single-img
12 May 2020

റഷ്യയിൽ പ്രസിഡന്റ് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവിന് കോവിഡ് സ്ഥിരീകരിച്ചു. റഷ്യയിൽ നിന്നുള്ള വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സാണ് പെസ്‌കോവ് കോവിഡിനെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അതേസമയം കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കെത്തുകയും ചെയ്തു. 52 വയസുള്ള പെസ്‌കോവ് 2008 മുതല്‍ പുടിന്റെ വക്താവാണ്.

2000 കാലഘട്ടം മുതല്‍ തന്നെ പുടിന്റെ അടുത്ത അനുയായികളിലൊരാളായി പെസ്‌കോവ് അറിയപ്പെട്ടിരുന്നു. ഇപ്പോൾ കോവിഡിന്റെ ചെറിയ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയാനാണ് റഷ്യന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പക്ഷെ പെസ്‌കോവ് ആശുപത്രിയിലാണ് കഴിയുന്നതെന്നത് അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച ആശങ്കകള്‍ ഉയർത്തുന്നതാണ് റിപ്പോട്ടിൽ പറയുന്നു.

കഴിഞ്ഞ മാസം 30നാണ് അവസാനമായി പെസ്‌കോവിനെ പൊതുപരിപാടിയില്‍ കണ്ടത്. ആ സമയം പുടിന്‍ പങ്കെടുത്ത യോഗത്തിലായിരുന്നു പെസ്‌കോവിനേയും കണ്ടത്. പക്ഷെ ഇരുവരും ഒരേ മുറിയിലാണോ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല.