വന്നിറങ്ങുന്ന പ്രവാസികളിൽ പലർക്കും രോഗലക്ഷങ്ങൾ: കണ്ണുചിമ്മാതെ ജാഗ്രതയിൽ കേരളം

single-img
12 May 2020

കൊവിഡ് വെെറസിനെ ഫലപ്രദമായി നേരിടുന്ന കേരളത്തെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുൾപ്പെടെ കൂടുതൽ പേർക്ക് കൊവിഡ് ലക്ഷണങ്ങൾ കാണുന്നു. ഇന്ന് പുലർച്ചെ ബഹ്റിനിൽ നിന്ന് നെടുമ്പോശേരിയിലെത്തിയ നാല് യാത്രക്കാരുൾപ്പെടെ കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെത്തിയവരിൽ ചിലർക്ക് രോഗലക്ഷണങ്ങൾ പ്രകടമാകുകയും വയനാട് ഉൾപ്പെടെ മലബാർ മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയും ചെയ്തതാണ് ആശങ്ക ഉയരുവാനുള്ള കാരണം. 

ബഹ്റിനിൽ നിന്ന് ഇന്ന് പുല‌ർച്ചെ നാട്ടിലെത്തിയ യാത്രക്കാരിൽ പാലക്കാട് സ്വദേശിയായ ഒരാൾക്കും മൂന്ന് കോഴിക്കോട്ടുകാ‌ർക്കുമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ഇവരുടെ ശരീരോഷ്മാവിലുണ്ടായ ഉയർച്ചയാണ് കൊവിഡ് ലക്ഷണങ്ങളുടെ സംശയത്തിന് കാരണമായത്.. ബഹ്റിനിൽ നിന്ന് വിമാനം കയറും മുമ്പ് ഇവർ പരിശോധനയ്ക്ക് വിധേയരായിരുന്നെങ്കിലും ലക്ഷണങ്ങൾ കാട്ടിയിരുന്നില്ലെന്നുള്ളതാണ് ആ വ്യക്തികൾ പറയുന്നത്. 

പനിയുടെ  ലക്ഷണങ്ങൾ കണ്ടെത്തിയ ഇവരെ വിമാനത്താവളത്തിലെ റൺവേയിൽ 108 ആംബുലൻസെത്തിച്ചശേഷം അവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്രവപരിശോധനയുൾപ്പെടെ കൂടുതൽ പരിശോധനകൾക്ക് ഇവരെ ഇന്ന് വിധേയരാക്കും. ഇവ‌ർക്കൊപ്പം ഒരു ഗർഭിണിയുൾപ്പെടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച മറ്റ് നാലുപേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. 

ഇവരെ കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തിയവരിൽ ചിലരെയും കൊവിഡ് സംശയിച്ച് മഞ്ചേരി, കളമശേരി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളിലെത്തുന്നവർക്കും സംസ്ഥാന അതി‌ർത്തികൾ കടന്നുവരുന്നവർക്കും കൃത്യമായ ക്വാറന്റൈനും ഹോംഐസൊലേഷനും നിർദേശിച്ചിട്ടുണ്ടെങ്കിലും നിർദേശങ്ങൾ പാലിക്കുന്നതിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകാൻ ഇടയാക്കുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. 

ഗൾഫ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ തീവ്രകൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ മലയാളികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കെ സമൂഹവ്യാപനം പോലുള്ള സാദ്ധ്യതകൾ ഒഴിവാക്കുകയെന്നതാണ് ആരോഗ്യപ്രവർത്തകർ നേരിടുന്ന വെല്ലുവിളി. കഴിഞ്ഞദിവസം കർണാടകയിൽ നിന്ന് നാട്ടിലെത്തിയ നൂറിലധികം വിദ്യാർത്ഥികൾ ക്വാറന്റൈൻ പാലിക്കാതിരുന്നത് കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ആശങ്കയ്ക്ക് കാരണമായിരുന്നു. ഇവരെ ക്വാറന്റൈനിലാക്കാൻ പൊലീസ് സഹായം ആവശ്യപ്പെടേണ്ട സാഹചര്യവുമുണ്ടായിരുന്നു. 

ഇന്ന് ദമാം , സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തുമായി മൂന്ന് വിമാനങ്ങളും മാലദ്വീപിൽ നിന്ന് കൊച്ചിയിൽ നാവികസേനയുടെ രണ്ടാമത്തെ കപ്പലും പിന്നാലെ ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനും എത്തിച്ചേരാനിരിക്കെ മറുനാടുകളിൽ നിന്നും മലയാളികളുടെ ഒരു പ്രവാഹമാണുണ്ടാകുന്നത്. ഇതിൽ എത്രപേർ കൊവിഡ് ബാധിതാരണെന്നുള്ള വിവരത്തെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തെ പിന്നീടുള്ള പ്രവർത്തനങ്ങൾ.