വീട്ടുകാരോട് പച്ചക്കറി തൈ എന്ന് പറഞ്ഞ് വളര്‍ത്തിയത് കഞ്ചാവ്; ചേര്‍ത്തലയില്‍ യുവാവ് അറസ്റ്റില്‍

single-img
12 May 2020

പച്ചക്കറിയുടെ തൈ ആണെന്ന് വീട്ടുകാരോട് പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തലയ്ക്ക് സമീപം ആഞ്ഞിലിപ്പാലം റെയില്‍ക്രോസിനടുത്തുള്ള നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം.യദുകൃഷ്ണന്‍ (21) ആണ് പോലീസ് പിടിയിലായത്.

ഈ വ്യക്തി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം. ഉപയോഗിച്ചശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ നട്ടുവളർത്തുകയായിരുന്നു. പച്ചക്കറിയുടെ തൈ ആണെന്നാണ് അമ്മയെ ഉൾപ്പെടെ ഇയാള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

എറണാകുളം കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അപ്രന്റീസായി ജോലിചെയ്യുകയാണ് യുവാവ്. ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സാജു വര്‍ഗീസിന്റെ നിര്‍ദേശത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.