അമേരിക്കയെ ഞെട്ടിച്ച് കൊവിഡിനോട് സാമ്യമുള്ള അജ്ഞാതരോഗം: രണ്ടു മരണം

single-img
12 May 2020

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ ആശങ്ക പരത്തി പുതിയ രോഗം അജ്ഞാതരോഗത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളും കൗമാരക്കാരനും മരിച്ചു. പരിശോധനയില്‍ ഇവരെ ബാധിച്ച രോഗത്തിന് കോവിഡുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

ഇതുവരെ ന്യൂയോര്‍ക്കില്‍ 80ലധികം കുട്ടികളെ ഈ രോഗം ബാധിച്ചതായാണ് വിവരങ്ങൾ. മരിച്ച കുട്ടികളില്‍ കോവിഡിന്റെ ലക്ഷണങ്ങളല്ല ഉണ്ടായിരുന്നതെന്നും എന്നാല്‍, ഇവരില്‍ കോവിഡ് ആൻ്റിബോഡി കണ്ടെത്തിയിരുന്നതായും വിവരങ്ങളുണ്ട്. രോഗത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്വാമോ പറഞ്ഞു. 

സിയാറ്റ, വടക്കന്‍ കാലിഫോര്‍ണിയ എന്നിവിടങ്ങളിലും ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും കുട്ടികളില്‍ ഈ ലക്ഷണത്തോടെ രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെന്നാണ് വിവരം.

രക്തക്കുഴലുകള്‍ വികസിച്ച് ഹൃദയത്തിലേക്കുള്ള ഒഴുക്ക് കുറയുന്നതാണ് കുട്ടികളെ ബാധിക്കുന്ന കാവസാക്കി രോഗം. ഇപ്പോള്‍ ബാധിച്ചിരിക്കുന്ന രോഗം തുടക്കത്തില്‍ കാവസാക്കിയാണെന്നാണ് കരുതിയതും. എന്നാല്‍, ശരീരത്തില്‍ ഒന്നിലധികം ആന്തരികാവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്. പുതിയ രോഗം കോവിഡ് വൈറസ് ബാധയുടെ പുതിയ രൂപമാണോയെന്ന് സംശയിക്കുന്നതായി ശിശുരോഗചികിത്സാ വിദഗ്ധന്‍ ഡോ. ഗ്ലെന്‍ ബുന്‍ഡിക്കിനെ ഉദ്ധരിച്ച് യു.എസ്. മാധ്യമമായ സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. 

ശരീരത്തിലെ പ്രതിരോധ സംവിധാനം വൈറസിനോട് അമിതമായി പ്രതികരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.