ട്രെയിന്‍ യാത്ര; മാർഗ്ഗനിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ

single-img
11 May 2020

ഈ ലോക്ക് ഡൌൺ സമയം ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശങ്ങൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കി. യാത്ര ചെയ്യാൻ ടിക്കറ്റ് കൺഫേം മെസേജ് കിട്ടിയവ‍ർ മാത്രമേ ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂ എന്ന് റെയിൽവെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഇത്തരത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ലഭിച്ചവരുടെ വാഹനങ്ങൾ മാത്രമേ ഇനി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കേറ്റി വിടു. അതേപോലെ തന്നെ എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം.ട്രെയിനിലെ കോച്ചുകളിൽ കേറുന്ന ഘട്ടത്തിലും ഇറങ്ങുന്ന ഘട്ടത്തിലും സാനിറ്റൈസ‍ർ ഉപയോ​ഗിച്ച് കൈകഴുകണം എന്നതും നിര്ബന്ധമാണ്.ആവശ്യമായ സ്ക്രീനിം​ഗ് നടത്തിയാവും യാത്രക്കാരെ കോച്ചുകളിലേക്ക് പ്രവേശിപ്പിക്കുക.

ഈ പരിശോധനയിൽ ഏതെങ്കിലും തരത്തിൽ രോ​ഗലക്ഷണമുള്ളവരെ ഒരു കാരണവശാലും യാത്ര ചെയ്യാൻ അനുവ​ദിക്കില്ല. യാത്രക്കാർ എല്ലാവരും പുറപ്പെടുന്ന സ്റ്റേഷനിലേയും എത്തിച്ചേരുന്ന സ്റ്റേഷനിലേയും സ‍ർക്കാരുകൾ നി‍ർദേശിക്കുന്ന കൊവിഡ് പ്രോട്ടോക്കോളിനോട് പൂർണമായും സഹകരിക്കണം. മാത്രമല്ല യാത്രയിലുടനീളം എല്ലാവരും സാമൂഹിക അകലം പാലിക്കുകയും വേണം. കേരളത്തിലേക്ക് ഉൾപ്പെടെ 30 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ ഓടിത്തുടങ്ങും.

ഇതിനു പിന്നാലെ വിമാനസർവ്വീസും ബസ്സർവ്വീസുകളും പുനസ്ഥാപിക്കാനുള്ള നീക്കവും കേന്ദ്രം ആരംഭിച്ചതായാണ് വിവരം. ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ആഴ്ചയിൽ മൂന്ന് സര്‍വ്വീസുകൾ ഉൾപ്പടെ 30 പാസഞ്ചര്‍ ട്രെയിനുകൾക്കാണ് ഇന്നലെ അനുവാദം ലഭിച്ചത്.