കേന്ദ്രം പ്രവര്‍ത്തിക്കുന്നത് മുന്‍കൂട്ടിയുള്ള തിരക്കഥയില്‍; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കരുത്: മമതാ ബാനര്‍ജി

single-img
11 May 2020

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊറോണ മൂലമുള്ള രാജ്യവ്യാപക പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും സംസ്ഥാനങ്ങളോട് വേര്‍തിരിവിന്റെ വ്യത്യാസം കാണിക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

‘മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സാഹചര്യത്തില്‍ ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. ഇവിടെ ആരും ഞങ്ങളുടെ അഭിപ്രായം എന്താണെന്ന് പോലും ചോദിക്കുന്നില്ല. ഇവിടുത്തെ ഫെഡറല്‍ സംവിധാനത്തെ തരിപ്പണമാക്കാന്‍ ശ്രമിക്കരുത്’, മമത പറയുന്നു.

ഇതിന് മുന്‍പും കേന്ദ്രം ബംഗാളിനെതിരെ കരുക്കള്‍ നീക്കുകയാണെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച പിന്നാലെ അതിന്റെ പാലനം പരിശോധിക്കാന്‍ ബംഗാളിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര സംഘത്തെ അയച്ചപ്പോള്‍മുതല്‍ മമത വാക്‌പോരുകള്‍ ആരംഭിച്ചിരുന്നു.