വെള്ളം നെഞ്ചിനു താഴെ മാത്രം, മൃതദേഹത്തിൽ വസ്ത്രങ്ങൾ ഭാഗികം: സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു

single-img
11 May 2020

തിരുവല്ല ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി ദിവ്യ പി. ജോണിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പല ചോദ്യങ്ങളും ഉയരുകയാണ്. 

മൃതദേഹം പുറത്തെടുക്കുന്ന വീഡിയോയിൽ, കിണറ്റിലെ വെള്ളം ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെവരെ മാത്രമേയുള്ളതായാണ് കാണപ്പെടുന്നത്. മാത്രമല്ല, പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രങ്ങളുള്ളുവെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. വീഡിയോയിൽ ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ കാണാനില്ലാത്തത് സംശയം വർദ്ധിപ്പിക്കുന്നതായി അന്വേഷണ സംഘവും കരുതുന്നു. 

പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിനിയാണ് മരണപ്പെട്ട ദിവ്യ. കഴിഞ്ഞ ഏഴാം തീയതി പകൽ പതിനൊന്നര മണിയോടെയാണ് ദിവ്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദംകേട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോട് ചേർന്നുളള കിണറ്റിൽ കണ്ടെത്തിയത്.

പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആണെന്നാണ് പൊലീസ് പ്രാഥമിക റിപ്പോർട്ട് പുറത്തു വിട്ടത്.