കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ നാല് പേര്‍

single-img
11 May 2020

കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്‌ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നവരുമാണ്. അതേസമയം വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം വന്നത്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

187 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.