കൂടത്തായി കൊലക്കേസ് പ്രതി ജോളി ലോക് ഡൗൺ മുതലെടുക്കുന്നു: ജാമ്യത്തിനായുള്ള ശ്രമങ്ങളാരംഭിച്ചു

single-img
11 May 2020

ലോക് ഡൗൺ മൂലം കൂടത്തായി കൂട്ട കൊലപാതക കേസിലെ വിചാരണയ്ക്ക്  നേരിട്ട തടസ്സം മുതലാക്കാനൊരുങ്ങി പ്രതി ജോളി. വിചാരണയ്ക്കു തടസമൊഴിവാക്കാന്‍ നീക്കവുമായി അന്വേഷണ സംഘവും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ആറ് കേസുകളിലെയും കുറ്റ പത്രവും തൊണ്ടി മുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. 

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കല്ലറയില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ലോക്ഡൗണ്‍ കാരണം ഹൈദരാബാദിലെ ലാബിലെത്തിക്കുന്നതിൽ തടസം നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ വിചാരണ സ്വാഭാവികമായി വെെകുകയായിരുന്നു. 

രാസ പരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിചാരണത്തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് കാട്ടി ഒന്നാംപ്രതി ജോളി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അപേക്ഷ സെഷന്‍സ് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.