കേരളം നൽകുന്ന പാസ് ഇല്ലാത്തവരെ കേരളത്തിലേക്ക് അയക്കരുത്; മറ്റ് സംസ്ഥാന ഡിജിപിമാർക്ക് കേരളാ ഡിജിപിയുടെ കത്ത്

single-img
11 May 2020

കേരളം നൽകുന്ന പാസ് ഇല്ലാത്തവർക്ക് തിരികെ കേരളത്തിലേക്ക് മടങ്ങാൻ പെർമിറ്റ് അനുവദിക്കരുതെന്ന് മറ്റ് സംസ്ഥാന ഡിജിപിമാർക്ക് കേരളത്തിന്റെ കത്ത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് കത്ത് നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ അതിർത്തി ചെക്ക് പോസ്റ്റുകളിലെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കത്ത്. മറ്റുള്ള സംസ്ഥാനങ്ങളിലെ മലയാളികൾ കേരളത്തിലേക്കുള്ള യാത്രക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കേരളത്തിന്റെ പാസ് അവർക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് കത്തിലൂടെ ആവശ്യപ്പെടുന്നത്.

ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട്, കർണാടക ഡിജിപിമാർക്ക് പ്രത്യേകം കത്ത് നൽകിയിട്ടുണ്ട്. കേരളാ അതിർത്തിക്ക് രണ്ട് കിലോമീറ്റർ മുമ്പായി മിനി ചെക്പോസ്റ്റുകൾ സ്ഥാപിക്കണം. ഈ ചെക്ക് പോസ്റ്റിൽ യാത്രക്കാർക്ക് പാസും പെർമിറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അതിന് ശേഷം മാത്രമേ അതിർത്തി കടത്തിവിടാവൂ എന്നാണ് കത്തിൽ പറയുന്നത്.

വയനാട്ടിൽ കര്ണാടകവുമായി അതിർത്തി പങ്കിടുന്ന മുത്തങ്ങ അതിർത്തിയിൽ വ്യാജ പാസുമായി എത്തിയ ആൾ ഇന്ന് അറസ്റ്റിലായിരുന്നു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. കാസർകോട് ജില്ലയിലെതലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് വയനാട് ജില്ലയിലെ മുത്തങ്ങ വഴി ആക്കിയാണ് ഇയാൾ എത്തിയത്.