കോവിഡ് സമയത്തും സ്വഭാവം മാറ്റാതെ സംഘപരിവാർ: ഉത്തരേന്ത്യയിൽ കേരളത്തിനും സംസ്ഥാന സർക്കാരിനുമെതിരെ നുണപ്രചരണം കനക്കുന്നു

single-img
10 May 2020

കോവിഡ് രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കേ ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ വിഷയവുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണവുമായി ഉത്തരേന്ത്യൻ സംഘ്പരിവാർ അനുകൂലികൾ. കേരളത്തിനും സംസ്ഥാന സർക്കാരിനുംമെതിരെ നുണപ്രചരണങ്ങൾ അഴിച്ചു വിടുകയാണിവർ. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന് ‘ലെഫ്റ്റിസ്റ്റ് ലൂട്ട് കേരള ടെംപിൾസ് എന്ന ഹാഷ്ടാഗിന്റെ അകമ്പടിയോടെ ഇവർ പ്രചരിപ്പിക്കുന്നത്.

ഈ പ്രചരണങ്ങൾക്കു പിന്നിൽ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ആൾദൈവങ്ങൾ, സന്യാസിമാർ, പ്രഭാഷകർ എന്നിവരുൾപ്പെടെയുള്ള സംഘപരിവാർ പ്രവർത്തകരാണ് പ്രചരണങ്ങൾ നടത്തുന്നത്. എന്നാൽ രാജ്യത്തുള്ള മറ്റ് ക്ഷേത്രങ്ങളും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയ്തതിനു സമാനമായി കൊവിഡ് ഫണ്ടിലേക്ക് സംഭാവനകൾ നൽകിയിട്ടുണ്ടെന്ന കാര്യം വിമർശനമുയർത്തുന്നവർ മിണ്ടുന്നില്ല. 

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം സോമനാഥ് ട്രസ്റ്റ് മുഖ്യമന്ത്രി വിജയ് റൂപാനിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരു കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളാണെന്നുള്ളതും കൗതുകകരമായ വസ്തുതയാണ്. അംബാജി മന്ദിര്‍ ഗുജറാത്ത് സര്‍ക്കാരിന് ഒരു കോടിയാണ് നല്‍കി. ഗുജറാത്തില്‍ തന്നെ സ്വാമിനാരായണ ക്ഷേത്രം 1.88 കോടിയും ദുരിതാശ്വാസ സംഭാവനയായി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം വകയായി തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്രപ്രദേശ് സര്‍ക്കാരിന് 19 കോടി നൽകിയിരുന്നു.അതേസമയം, ഷിര്‍ദ്ദിയിലെ ശ്രീ സായ്ബാബ സന്‍സ്താന്‍ ട്രസ്റ്റ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടിയാണ് സംഭാവന ചെയ്തത്. ബിഹാറിലെ മഹാവിര്‍ മന്ദിര്‍ ട്രസ്റ്റ് സി.എം റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകിയിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ദേവസ്ഥാന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ഒന്നരക്കോടിയും കളക്ടറുടെ ഫണ്ടിലേക്ക് അമ്പത് ലക്ഷവും സംഭാവന നല്‍കിയിട്ടുണ്ട്. 

പഞ്ച്ഗുളയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മാതാ മന്‍സി ദേവി ക്ഷേത്രം ഹരിയാന സര്‍ക്കാരിന് ദുരിതാശ്വാസ സംഭാവനയി പത്തു കോടി രൂപയും നൽകിയിരുന്നു.ഈ വസ്തുതകൾ നിലനിൽക്കെയാണ് ഉത്തരേന്ത്യൻ സംഘ്പരിവാർ അനുകൂലികൾ കേരളത്തിനെതിരെ പ്രചരണം നടത്തുന്നത്. 

കൊവിഡ് പ്രതിരോധ ആവശ്യങ്ങൾക്കായി ദേവസ്വം ബോർഡ് പണം നൽകിയതിനെതിരെ ബി.ജെ.പിയുടെ കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ, ബി.ഗോപാലകൃഷ്ണൻ എന്നിവർ രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെ സംഭാവന നൽകിയതിനെതിരെ കേരള ഹൈക്കോടതിയിൽ ഹർജിയും ഫയൽ ചെയ്യപ്പെട്ടിരുന്നു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. ശേഷം കോൺഗ്രസ് പാർട്ടിയും ബി.ജെ.പിയുടെ വാക്കുകൾ ഏറ്റുപിടിച്ചുവെന്നുള്ളതാണ് രസകരം.