ആരാധനാലയങ്ങളുടെ പണമെന്തിന്? പള്ളിയുടേയോ മോസ്കിൻ്റെയോ പണം സർക്കാർ എടുത്തിട്ടുണ്ടോ: സർക്കാരിനെതിരെ വിമർശനവുമായി ഗോകുൽ സുരേഷ്

single-img
10 May 2020

ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് കൊവിഡ് പ്രതിരോധ ഫണ്ടിനായി അഞ്ചുകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന് വിമർശിച്ച് നടൻ ഗോകുൽ സുരേഷ് ഗോപി. സർക്കാരിന് ആരാധനാലയങ്ങളുടെ പണമെന്തിനാണെന്ന് ഗോകുൽ സുരേഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു. അമ്പലമോ പള്ളിയോ മോസ്കോ ആയാലും ഇത് തെറ്റായ കാര്യമാണ്. പള്ളിയുടേയോ മോസ്കിന്റെയോ പണം സർക്കാർ എടുത്തിട്ടുണ്ടോയെന്നും ഗോകുൽ ചോദിക്കുന്നു. 

ഇൻസ്റ്റഗ്രാമിലാണ് ഗോകുൽ വിമർശനവുമായി രംഗത്തെത്തിയത്. വിഷയത്തിലെ വിയോജിപ്പ് വ്യക്തമാക്കിയത്. അതേസമയം ഗോകലിന്റെ കമന്റിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. അച്ഛന്റെ മകൻ തന്നെയാണെന്നായിരുന്നു ചിലരുടെ പ്രതികരണം. സുരേഷ് ഗോപി ഇതുപോലെ വർഗീയത വിളിച്ചോതുന്ന ഒരു പോസ്റ്റ്‌ പോലും സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചിട്ടില്ലെന്നും അങ്ങനെ ഉള്ള ഒരു വ്യക്തിയുടെ മകനിൽ നിന്ന് ഇങ്ങെനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ചിലർ പറയുന്നുണ്ട്. 

 എന്നാൽ ചിലർ ഗോകുലിനെ പിന്താങ്ങുന്നുമുണ്ട്. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രം അഞ്ച് കോടി സംഭാവന ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകിയിരുന്നു. ബഡ്‌ജറ്റ് പരിശോധിച്ചാൽ ക്ഷേത്രങ്ങളിൽനിന്ന് സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് വ്യക്തമാകും. ചിലർ സമൂഹത്തിൽ മതവിദ്വേഷം പടർത്താനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്നത് നിർഭാഗ്യകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.